സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍
ചെന്നൈ: കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ നിലയില്‍. ഐടി ജീവനക്കാരിയായ രമ്യ(33) ആണ് മരിച്ചത്. 

ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു ശേഷം നേരിട്ട സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ശനിയാഴ്ച കാരമടയിലെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് രമ്യയുടെ മാതാപിതാക്കളും ഭര്‍ത്താവ് വെങ്കിടേഷപം ഒരു വിവാഹച്ചടങ്ങിന് പോയിരിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുമുല്ലവയിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലാണ് രമ്യയും ഭര്‍ത്താവ് വെങ്കിടേഷും രണ്ട് മക്കളും താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 28ന് ബാല്‍ക്കണിയില്‍ വച്ച് കളിക്കുന്നതിനിടെ ഏഴ് മാസം പ്രായമായ പെണ്‍കുട്ടി രമ്യയുടെ കയ്യില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രണ്ടാം നിലയുടെ സണ്‍ഷെയ്ഡില്‍ തങ്ങി നിന്ന കുട്ടിയെ അയല്‍ക്കാറാണ് രക്ഷപ്പെടുത്തിയത്.

കുട്ടി അപകടത്തില്‍പ്പെട്ട സംഭവമുണ്ടായതിനു ശേഷം യുവതിക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. കൂടാതെ ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ചികിത്സയിലായിരുന്നു യുവതി. അതിനിടെ രണ്ടാമത്ത കുട്ടി ജനിച്ചതിനു ശേഷം രമ്യ വിഷാദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Previous Post Next Post