രോഗിയുടെ പ്ലാസ്റ്റർ ഇളകി മാറിയെന്നാരോപിച്ച് നഴ്സിംഗ് അസിസ്റ്റന്റിനെ ക്രൂരമായി മർദിച്ചു….. രണ്ടു പേർ പിടിയിൽ …..


വെള്ളറടയിൽ രോഗിയുടെ പ്ലാസ്റ്റർ ഇളകി മാറിയെന്നാരോപിച്ച് നഴ്സിംഗ് അസിസ്റ്റന്റിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽവെള്ളറട കരിമരം കോളനിയിലെ നിഷാദ് (20), കിളിയൂർ സ്വദേശി ശ്യാം (30) എന്നിവരെയാണ് മാരായമുട്ടത്ത് നിന്നും വെള്ളറ്റ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അക്രമം നടന്നത്. നഴ്‌സിംഗ് അസിസ്റ്റന്റ് സനല്‍രാജി (42)നാണ് മര്‍ദനമേറ്റത്.

വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ രോഗിയുടെ ചുമലിലിട്ട പ്ലാസ്റ്റര്‍ ഇളകി മാറിയെന്നാരോപിച്ച് നഴ്‌സിംഗ് അസിസ്റ്റൻ്റിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സ തേടിയ നിഷാദാണ് ചികിത്സ കഴിഞ്ഞ് വീട്ടിൽ പോയ ശേഷം മടങ്ങിയെത്തി മർദ്ദനം നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ചുമലിന് തകരാർ കണ്ടെത്തിയ ഡോക്ടര്‍ പ്ലാസ്റ്ററിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ പ്ലാസ്റ്ററിന്റെ ഒരു വശം ഇളകി മാറിയെന്ന് നിഷാദ് പറയുന്നു. തുടർന്ന് ആശുപത്രിയിൽ മടങ്ങിയെത്തി നഴ്‌സിങ് അസിസ്റ്റന്റ് സനൽരാജിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്.

സംഭവത്തിൽ സനൽരാജ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ചികിത്സയില്‍ കഴിയുന്ന സനൽരാജിന്റെ മൊഴിയെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ മാരായമുട്ടത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
Previous Post Next Post