കുവൈത്ത് ദുരന്തം: ലോക കേരള സഭയില്‍ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി


കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 11 മലയാളികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നാളെ നടക്കുന്ന ലോകകേരള സഭയുടെ നാലാം പതിപ്പില്‍ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. സമ്മേളനത്തില്‍ സ്ഥിരാംഗങ്ങള്‍ക്ക് പുറമെ, 103 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. 

നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നേരത്തെ ആഘോഷപൂര്‍വം ഉദ്ഘാടന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു.
ജൂണ്‍ 14 , 15 തീയ്യതികളില്‍ നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രതിനിധി സമ്മേളനം മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. എന്നാല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവില്ല. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളിലെയും പോലെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് നാലാം ലോക കേരള സഭയും തുടങ്ങുന്നത്. പ്രധാന നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്നും, വിദേശത്തെ മേഖലാ സമ്മേളനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് കണക്കുകള്‍ പുറത്തുവിട്ടില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് സമ്മേളനം. സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ ക്ഷണം നിരസിച്ചിരുന്നു. ധൂര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷവും സമ്മേളനത്തോട് ഇത്തവണയും നിസ്സഹകരിക്കും.

പക്ഷെ പ്രതിപക്ഷ പ്രവാസി സംഘടന പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇരുന്നൂറിലധികം പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളും മേഖല ചര്‍ച്ചകളും നടക്കും.15ന് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിംഗ്. ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയും സ്പീക്കറുടെ സമാപന പ്രസംഗത്തോടെയും നാലാം ലോക കേരള സഭയ്ക്ക് തിരശ്ശീല വീഴും. 
Previous Post Next Post