ബിജെപിയുടെ വിജ‍യത്തിൽ സന്തോഷം; കൈവിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവാവ്
റായ്പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന്‍റെ സന്തോഷത്തിൽ സ്വയം വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രവർത്തകൻ. ഛത്തീസ് ഗഢിലെ ബൽറാംപൂരിലാണ് സംഭവം. ബിജെപി പ്രവർത്തകനായ ദുർഗേഷ് പാണ്ഡെ (30) ആണ് തന്‍റെ പ്രദേശത്തെ കാളി ക്ഷേത്രത്തിൽ കാണിക്കയായി തന്‍റെ വിരൽ മുറിച്ച് സമർപ്പിച്ചത്.
ADVERTISEMENT
Ads by

വോട്ടെണ്ണൽ ദിനം ഇന്ത്യ മുന്നണിയുടെ മുന്നേറ്റ വാർത്തയറിഞ്ഞ് ഇയാൾ കാളി ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ചതായും പിന്നീട് എൻഡിഎയുടെ വിജയമറിഞ്ഞ് ആഹ്ലാദ ഭരിതനായി കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.
തുടർന്ന് ചോര നിൽക്കാതെ വന്നതോടെ തുണിയെടുത്ത് കൈയിൽ ചുറ്റിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വീട്ടുകാർ ഇയാളെ അടുത്തുള്ള ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി. വലിയ പരുക്കായതിനാൽ ഇയാളെ അംബികാപൂരിലെ മെഡിക്കൽ കോളെജിലേക്ക് മാറ്റി. മെഡിക്കൽ കോളെജിലെ ഡോക്ടർമാർ രക്തസ്രാവം തടയാൻ ശസ്ത്രക്രിയ നടത്തി. ചികിത്സ വൈകിയതിനാൽ മുറിച്ചുകളഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ആയില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു.

Previous Post Next Post