തിരുവനന്തപുരം: റീജണൽ കാൻസർ സെൻ്ററിലെ ഡാറ്റ ചോർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രോഗികളുടെ ചികിത്സാ വിവരങ്ങൾ പൂർണ്ണമായും ചോർത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആധാർ കാർഡ് വിവരങ്ങൾ ഉൾപ്പെടെയാണ് ഹാക്കർമാർ കൈവശപ്പെടുത്തിയത്. ചികിത്സ തടസ്സപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്. റേഡിയേഷൻ വിഭാഗത്തിലെ ചികിത്സ തടസ്സപ്പെടുത്താനാണ് ശ്രമം നടന്നത്. മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ചികിത്സാ വിവരങ്ങൾ തിരിച്ച് നൽകില്ലെന്നായിരുന്നു ഭീഷണി.
സർവറുകൾ നിയന്ത്രണത്തിൽ ആക്കിയായിരുന്നു ഹാക്കർമാരുടെ ഭീഷണി. ഡാറ്റ ചോർത്തലിൽ അന്വേഷണം തുടരുകയാണ്. കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഉണ്ടായത്. ഇരുപത് ലക്ഷത്തോളം രോഗികളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പടെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഏപ്രില്‍ 28നാണ് ആര്‍സിസിയിലെ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. 14 സെര്‍വറുകളില്‍ 11ലും ഹാക്കര്‍മാര്‍ കടന്നുകയറി. ഇ മെയില്‍ വഴിയാണ് ഹാക്കര്‍മാര്‍ ആര്‍സിസിയുടെ നെറ്റ് വര്‍ക്കിലേക്ക് പ്രവേശിച്ചത്. വിദേശ സൈബർ ഹാക്കർമാരാണ് ഡാറ്റ ചോർത്തിയത്.