പാലക്കാട് കെഎസ്‌യുവില്‍ കൂട്ടരാജി; എസ്എഫ്‌ഐയെ സഹായിക്കാന്‍ ശ്രമിച്ചയാളെ വൈസ് പ്രസിഡന്റ് ആക്കിയെന്ന് ആരോപണംഎസ്എഫ്‌ഐയെ സഹായിക്കാന്‍ ശ്രമിച്ചയാളെ വൈസ് പ്രസിഡന്റ് ആക്കിയതില്‍ പ്രതിഷേധിച്ച് പാലക്കാട് കെഎസ്‌യുവില്‍ കൂട്ടരാജി. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നിഖില്‍ കണ്ണാടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിതിന്‍ ഫാത്തിമ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജാസ് കുഴല്‍മന്ദം, ഗൗജ വിജയകുമാരന്‍ എന്നിവര്‍ ഉള്‍പ്പടെയാണ് പാലക്കാട് ജില്ലാ കമ്മറ്റിയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്. ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡന്റ് ആക്കിയതിനെതിരെയാണ് രാജിവച്ച് പ്രതിഷേധിച്ചിരിക്കുന്നത്. 

കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ എസ്എഫ്‌ഐയ്ക്ക് സഹായം നല്‍കിയെന്ന് ആരോപണം നേരിട്ടയാളാണ് ഇബ്രാഹിം ബാദുഷ. ഇയാള്‍ എസ്എഫ്‌ഐയെ സഹായിച്ചതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെയുണ്ടായിട്ടും വൈസ് പ്രസിഡന്റായി നിയമിച്ചെന്നാണ് രാജി വച്ച കെഎസ്‌യു നേതാക്കള്‍ പറയുന്നത്. പുനസംഘടനാ ലിസ്റ്റ് വന്നതോടെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. 21 ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. സംഘടനയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളെ ഉന്നത സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും രാജി സന്നദ്ധത അറിയിച്ച നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 
Previous Post Next Post