ഒ.ആർ. കേളു മന്ത്രിയാകും; വയനാട്ടിൽ നിന്നും സിപിഎമ്മിന്‍റെ ആദ്യ മന്ത്രി


തിരുവനന്തപുരം: മാനന്തവാടി എംഎൽഎ ഒ.ആർ. കേളു പട്ടികജാതി- പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയാകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് കെ. രാധാകൃഷ്ണൻ രാജി വച്ച പദവിയിലേക്കാണ് പുതിയ മന്ത്രി സ്ഥാനമേൽക്കുന്നത്. സിപിഎം സംസ്ഥാന സമിതിയാണ് ഒ.ആർ. കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്‍ററി കാര്യം എം.ബി രാജേഷും കൈകാര്യം ചെയ്യും.
വയനാട് നിന്നുള്ള സിപിഎമ്മിന്‍റെ ആദ്യ മന്ത്രിയാണ് കേളു. പട്ടിക വർഗ വിഭാഗത്തിൽ നിന്നൊരാൾ സിപിഎം മന്ത്രിയാകുന്നതും ആദ്യമായാണ്. പി.കെ. ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു. കുറിച്യ വിഭാഗത്തിൽ നിന്നുള്ള കേളു പട്ടികജാതി- പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനായിരുന്നു.

ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും കേളു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരുനെല്ല ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽ നിന്ന് 2000ത്തിൽ പഞ്ചായത്ത് അംഗമായാണ് തുടക്കം. 2005ലും 2010ലും 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റായി. 2016 ൽ പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തി എംഎൽഎ സ്ഥാനം നേടി. 2021ലും വിജയം ആവർത്തിച്ചു
Previous Post Next Post