കിടങ്ങൂരിൽ വർക്ക്‌ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് മോഷണം : രണ്ടുപേർ പിടിയിൽ.
 കിടങ്ങൂർ : വർക്ക്ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് ബാറ്ററികൾ ഉൾപ്പെടെ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ഇടിഞ്ഞപുഴ ഭാഗത്ത് മുശാരത്തു വീട്ടിൽ അനന്തു മുരുകൻ (23), കിടങ്ങൂർ പിറയാർ മൂന്നുതോടു ഭാഗത്ത് കിഴക്കേടത്തു വീട്ടിൽ അർജുൻ മനോജ് (20) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രിയോടുകൂടി  കിടങ്ങൂർ ബിഎസ്എൻഎൽ ടെലഫോൺ എക്സ്ചേഞ്ച് ഓഫിസിന് സമീപത്തുള്ള ഓട്ടോമൊബൈൽ വർക്ക്ഷോപ്പിന്റെ മേൽക്കൂരയിലെ ഷീറ്റ് ഇളക്കിമാറ്റിയ ശേഷം വർക്ക്ഷോപ്പിനുള്ളിൽ കടന്ന് വാഹനങ്ങളുടെ 3 ബാറ്ററികളും, ഇരുമ്പ് അടകല്ലും, സ്പാനറുകളും ഉൾപ്പെടെ 11,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവർ മോഷ്ടിച്ച മുതലുകള്‍ വില്പന നടത്തിയ കടയില്‍ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഒ സതികുമാർ, എസ്.ഐ മാരായ കുര്യൻ മാത്യു, ജസ്റ്റിൻ മണ്ഡപം, ബിജു ചെറിയാൻ, സുധീർ പി.ആർ, സി.പി.ഓ മാരായ അരുൺകുമാർ, അഷറഫ്, ജോസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനന്തുവിന്  കിടങ്ങൂർ, പാലാ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Previous Post Next Post