അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള വാർത്തകൾ ഇടയ്ക്കിടെ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പങ്കുവെച്ച സുപ്രധാനമായ ചില നിരീക്ഷണങ്ങളാണ് ചർച്ചയാവുന്നത്. പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടാകാമെന്നും അവർ മനുഷ്യരേക്കാളും ആയിരം വർഷങ്ങളുടെ പുരോഗമനം കൈവരിച്ചിട്ടുണ്ടാകാമെന്നുമെന്നാണ് എസ് സോമനാഥ് പറയുന്നത്. ഡിജിറ്റൽ സംരംഭകനായ രൺവീർ അലാബാദിയയുമായി നടത്തിയ ഒരു പോഡ് കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങളെക്കാൾ 200 വർഷം പിറകിൽ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെക്കുറിച്ചും 1000 വർഷം മുന്നിൽ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെ കുറിച്ചും സങ്കൽപ്പിച്ചു നോക്കൂ. ചിലപ്പോൾ സാങ്കേതികവിദ്യാപരമായും പരിണാമപരമായും മനുഷ്യരേക്കാൾ ആയിരം വർഷങ്ങൾ മുന്നിൽ നിൽക്കുന്നവർ ഇവിടെ ഉണ്ടാവാം. നമുക്ക് മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ അവർ പ്രപഞ്ചത്തെ നിരീക്ഷിക്കുകയോ സംവദിക്കുകയോ ചെയ്യാം. കോസ്മിക് ജീവികളിൽ താരതമ്യേന പുതിയ ആളുകളായിരിക്കാം മനുഷ്യർ’, അദ്ദേഹം പറഞ്ഞു. അന്യഗ്രഹ ജീവികളുമായി മനുഷ്യർ ഇതുവരെ സമ്പർക്കം പുലർത്താത്തതിൽ സന്തുഷ്ടനാണെന്നും ഐഎസ്ആർഒ മേധാവി കൂട്ടിച്ചേർത്തു. ഭൂമിയിലെ ജീവൻ ഒരു പൊതു പൂർവികനിൽ നിന്നാണ് പരിണമിച്ചത്. അന്യഗ്രഹ ജീവികൾ വ്യത്യസ്തമായ ജനിതക, പ്രോട്ടീൻ ഘടനകൾ ഉള്ളവരായിരിക്കാം. അവരുമായുള്ള സമ്പർക്കം ചിലപ്പോൾ അപകടരമാവും, കാരണം ഒരു ജീവിതരീതി മറ്റൊന്നിൽ ആധിപത്യം സ്ഥാപിക്കേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു.
നേരത്തേ, മനുഷ്യരായി വേഷം മാറി അന്യഗ്രഹജീവികൾ നമുക്കിടയിലുണ്ടെന്ന് ഹാർവാഡ് സർവ്വകലാശാല തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തിൽ പരാമർശിച്ചിരുന്നു. അന്യഗ്രഹജീവികൾ അഗ്നിപർവ്വതമേഖലകളിലും ഭൗമാന്തർമേഖലകളിലും താമസിക്കുന്നുണ്ടെന്നാണ് ഫിലോസഫി ആൻഡ് കോസ്‌മോളജി എന്ന ശാസ്ത്രജേണലിന് നൽകിയിരിക്കുന്ന പ്രബന്ധം പറയുന്നത്. ഇത് ഉടൻ പ്രസിദ്ധീകരിക്കും. ഹാർവാഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് ഈ പഠനത്തിനു പിന്നിലുള്ളത്.
ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ട്. അവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുന്നത് തിരിച്ചറിയാനാവില്ലെന്നും ഈ സങ്കൽപം പറയുന്നു. അന്യഗ്രഹജീവികൾ ഭൂമിയുടെ ഗതിയും മനുഷ്യജീവിതവും തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്നു കരുതുന്നവരുമുണ്ട്. ഈ സാധ്യത ഗവേഷണപ്രബന്ധം തള്ളിക്കളയുന്നില്ല. ഇങ്ങനെ വേഷം മാറി കഴിയുന്ന അന്യഗ്രഹജീവികളെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിലുള്ള, തിരിച്ചറിയാനാകാത്ത പേടകങ്ങളെന്ന് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.