കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. അരളിയില കഴിച്ചാണ് മരണം എന്നാണ് ഉയരുന്ന സംശയം. വിദ്യാധരൻ അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തേ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രൻ അരളിപ്പൂവ് കഴിച്ച് മരിച്ചിരുന്നു. മെഡിക്കൽ പഠനത്തിനായി യു കെയിലേക്ക് പോകാനിറങ്ങിയ സൂര്യ ഫോൺ ചെയ്യുന്നതിനിടെ വീട്ടുമുറ്റത്തെ അരളി ചെടിയുടെ ഇലയും പൂവ് വായിലിട്ട് ചവച്ചിരുന്നു. പെട്ടെന്ന് തുപ്പിക്കളഞ്ഞെങ്കിലും വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ പെൺകുട്ടിക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അരളിപ്പൂവിന്റെ അപകടം സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു.