ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുൻ്റെ മൃതദേഹം അല്പസമയത്തിനകം കാർവാറിൽനിന്നും നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം അർജുന്റെത് എന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിൽ ആക്കിയത്. ശരീരവുമായി ആംബുലൻസ് ഉടൻ കാർവാർ ആശുപത്രിയിൽ നിന്ന് തിരിക്കും. വൈകീട്ട് മൂന്നുമണിയോടെയാണ് പരിശോധനയുടെ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങൾ വേഗത്തിലാക്കി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും.
അതേസമയം അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നൽകുമെന്നാണ് പ്രഖ്യാപനം.പണം എത്രയും വേഗം കുടുംബത്തിന് കൈമാറുമെന്നും സർക്കാർ അറിയിച്ചു.