ഏറ്റുമാനൂർ : മോഷണ കേസിൽ അന്യസംസ്ഥാന സ്വദേശിയായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മധുസൂദന പെരുമാൾ (55) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഹോം നേഴ്സായി ജോലി ചെയ്തു വന്നിരുന്ന ഏറ്റുമാനൂർ പേരൂർ കവല ഭാഗത്തുള്ള വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ മാലയും, സ്വർണമോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്നും മോഷണം പോയ ഒരു സ്വർണ്ണമാല പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്. എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ ചന്ദ്രബാനു, സി.പി.ഓ മാരായ ഡെന്നി, സെയ്‌ഫുദ്ദീൻ, അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.