നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് പരിശോധന; അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും




ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയും തിരച്ചിലിനിറങ്ങും. നാവികസേന രേഖപ്പെടുത്തിയ ഒന്നും രണ്ടും പോയിന്റ് കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചിൽ.

ഡ്രഡ്ജർ ഈ ഭാഗങ്ങളിൽ നങ്കൂരമിട്ട് കാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന കാമറയുമായി മുങ്ങുക. ഗംഗാവലി പുഴയിലെ മണ്ണ് പൂർണമായും നീക്കാനാകാത്തതാണ് തിരച്ചിലിലെ പ്രധാന പ്രതിസന്ധി.

ഇന്നലെ തിരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയറുകളും ക്യാബിന്റെ ഭാഗവും അർജുന്റെ ലോറിയുടെതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്.
Previous Post Next Post