ഓർഡർ ചെയ്ത ഇലക്ട്രിക് സ്കൂട്ടർ യഥാസമയം നൽകിയില്ല; ഒല കമ്പനിക്ക് ഒന്നരലക്ഷം പിഴയടിച്ച് ഉപഭോക്തൃകോടതി


അഡ്വാൻസ് നൽകി ബുക്ക് ചെയ്ത ഒല ഇലക്ട്രിക് സ്കൂട്ടർ യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയ നിർമാതാക്കൾ സ്കൂട്ടറിൻ്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും 45 ദിവസത്തിനകം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ആലുവ സ്വദേശി നീനു ശശീന്ദ്രൻ ഫയൽ ചെയ്ത പരാതിയിലാണ് ബാംഗ്ലൂരിലെ ഒല ഇലക്ട്രിക് എന്ന സ്ഥാപനത്തിനെതിരെ കോടതിയുടെ സുപ്രധാന ഉത്തരവ്.

2021 ഒക്ടോബർ മാസത്തിലാണ് അഡ്വാൻസ് നൽകി പരാതിക്കാരി സ്കൂട്ടർ ബുക്ക് ചെയ്തത്. Ola S1 ഇലക്ട്രിക് സ്കൂട്ടർ ആണ് ബുക്കുചെയ്തത്. എന്നാൽ ആ മോഡൽ ലഭ്യമല്ല എന്ന് എതിർകക്ഷി പിന്നീട് അറിയിച്ചു. തുടർന്ന് പുതിയ മോഡൽ ബുക്ക് ചെയ്തു. 1,15,332/- രൂപയും നീനു ശശീന്ദ്രൻ നൽകി. സ്കൂട്ടർ പുതിയത് ലഭിക്കുമെന്ന ഉറപ്പു വിശ്വസിച്ച് നിലവിലുണ്ടായിരുന്ന പെട്രോൾ സ്കൂട്ടർ വിൽക്കുകയും ചെയ്തു.

എന്നാൽ മുപ്പതിനായിരം രൂപ കൂടി അധികമായി നൽകണമെന്ന് കമ്പനി പിന്നീട് നീനു ശശീന്ദ്രനെ അറിയിച്ചു. ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് പരാതിപ്പെട്ടാണ് പരാതിക്കാരി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എന്നാൽ വെബ്സൈറ്റിൽ ഉണ്ടായ സാങ്കേതിക പിഴവുമൂലമാണ് ഇത് സംഭവിച്ചതെന്നും പണം തിരിച്ചു നൽകാൻ തയ്യാറാണെങ്കിലും അത് വാങ്ങാൻ പരാതിക്കാരി തയ്യാറായില്ലെന്നും എതിർകക്ഷി ബോധിപ്പിച്ചു. തങ്ങൾക്ക് പറ്റിയ സാങ്കേതിക പിഴവ് മുതലെടുത്ത് കൂടുതൽ പണം നേടാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും അവർ വാദിച്ചു.

എന്നാൽ എതിർകക്ഷിയുടെ വാദം നിലനിൽക്കുന്നതല്ല എന്ന് ഉപഭോക്തൃ കോടതി ഉത്തരവിൽ വിലയിരുത്തി. “വാഗ്ദാനം ചെയ്ത ഉൽപന്നം യഥാസമയം നൽകുന്നതിൽ സ്കൂട്ടർ നിർമ്മാതാക്കൾ വീഴ്ചവരുത്തി. മാത്രമല്ല കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തു. “പ്രതിബന്ധതയും സുതാര്യതയും വ്യാപാര രംഗത്ത് അവശ്യം വേണ്ടതാണെന്ന ബോധ്യവും നിർമ്മാതാക്കൾക്ക് ഉണ്ടാകണമെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് ഓർമ്മിപ്പിച്ചു.

സ്കൂട്ടറിന്റെ വിലയായ 1,15,332/- രൂപ 9% പലിശ സഹിതം പരാതിക്കാരിക്ക് നൽകണം. കൂടാതെ നഷ്ടപരിഹാരമായി 25000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകാനും ഉപഭോക്തൃകോടതി ഉത്തരവ് നൽകി.
Previous Post Next Post