എഐഎസ്എഫ് പ്രവർത്തകരെ ക്യാംപസില്‍ ആക്രമിച്ചാൽ എസ്എഫ്ഐ പ്രവർത്തകരെ തെരുവിൽ നേരിടും’ സിപിഐ…



എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകരെ ക്യാംപസില്‍ വെച്ച് അക്രമിക്കുന്നത് തുടർന്നാൽ കൊട്ടാരക്കര തെരുവിൽ നേരിടുമെന്ന് സിപിഐ. കൊട്ടാരക്കരയിൽ നടത്തിയ യോഗത്തിലായിരുന്നു നേതാക്കളുടെ വെല്ലുവിളി. കഴിഞ്ഞദിവസം കൊട്ടാരക്കര എസ്ജി കോളേജിൽ എഐഎസ്എഫ് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യോഗം നടത്തിയത്.
എഐഎസ്എഫിനോട് എസ്എഫ്ഐ കാണിക്കുന്നത് അസഹിഷ്ണുതയാണ്. മറ്റൊരു സംഘടനകളോടും എഐഎസ്എഫ് പ്രവർത്തകർ ഇത്തരത്തിൽ പെരുമാറില്ല. വിഷയം ഗൗരവമുള്ളതാണ്. മറ്റു വിഷയങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കാൻ എസ്എഫ്ഐയെ അക്രമത്തിലേക്കു വഴിതിരിച്ചുവിടുന്നത് സിപിഐഎം നേതൃത്വമാണെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊട്ടാരക്കര എസ്ജി കോളേജില്‍ എസ്എഫ്ഐ -എഐഎസ്എഫ് സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. എഐഎസ്എഫ്. മണ്ഡലം സെക്രട്ടറി ബി എസ് അശ്വന്ത്, യൂണിറ്റ് ഭാരവാഹികളായ സ്വാതി, നവനീത് എന്നിവര്‍ക്കും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം ആദിത്യന്‍, യൂണിറ്റ് ഭാരവാഹി ജോയല്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

സിപിഐ മണ്ഡലം സെക്രട്ടറി എഎസ് ഷാജി ഉദ്ഘാടനം ചെയ്ത യോ​ഗത്തിൽ എഐഎസ്എഫ്. ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, ഡിഎൽ.അനുരാജ്, എസ് വിനോദ്കുമാർ, എ അധിൻ, എസ് രഞ്ജിത്ത്, ചെങ്ങറ സുരേന്ദ്രൻ, ശ്രീജിത് സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post