നെതർലാൻഡിൽ എംഡിഎംഎ പ്രതിമ; ലഹരി കടത്തിന്റെ പുതിയ തന്ത്രം



നെതർലാൻഡിൽ ലഹരിമരുന്ന് കടത്തിന് വേറിട്ട മാർ​ഗങ്ങൾ പരീക്ഷിച്ച് മയക്കുമരുന്ന് കടത്ത് സംഘം. മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തൽ മതിയാക്കി മയക്കുമരുന്ന് പ്രതിമ തന്നെയുണ്ടാക്കിയാണ് കടത്ത്. പൂന്തോട്ടത്തിൽ വയ്ക്കാനുള്ള പ്രതിമ പോലെ നിർമ്മിച്ച എം ഡി എം എ ‘പ്രതിമ’ യാണ് ഇന്നലെ നെതർലാൻഡിൽ പോലീസ് കണ്ടെത്തിയത്. ഒറ്റ നോട്ടത്തിൽ എന്നല്ല സൂക്ഷിച്ചു നോക്കിയാലും അത് ഒരു പ്രതിമ മാത്രമെന്നേ തോന്നൂ.

2 കിലോയിലേറെ എം ഡി എം എ ആണ് ഈ പ്രതിമ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ‘ഗ്നോംസ്’ എന്നറിയപ്പെടുന്ന രൂപത്തിലുള്ള പ്രതിമയാണ് ഇവർ എം ഡി എം എ കൊണ്ട് നിർമ്മിച്ചത്. വലിയ രീതിയിൽ രാസ ലഹരി എത്തിയതായുള്ള വിവരത്തെ തുടർന്നുള്ള പരിശോധനയ്ക്കിടയിലാണ് ഈ പ്രതിമ കണ്ടെത്തിയത്. പ്രത്യക്ഷത്തിൽ സംശയമൊന്നും തോന്നില്ലെങ്കിലും പ്രതിമ ലാബിലെത്തിച്ച് പരിശോധിച്ചതോടെയാണ് ഏവരും ഞെട്ടിപ്പോയത്. വായ പൊത്തിയ നിലയിലുള്ള ചെറു പ്രതിമ നിർമ്മിച്ചത് കോടികൾ വില വരുന്ന മാരക രാസ ലഹരി വസ്തു കൊണ്ടായിരുന്നു എന്നാണ് ലാബിലെ പരിശോധനയിൽ കണ്ടെത്തിയത്.

അൾറ്റീന, ഡ്രിമ്മലീൻ, ഗീർട്രൂഡെൻബെർഗ്, ഓസ്റ്റർഹൗട്ട് എന്നിവിടങ്ങളായി നടത്തിയ ലഹരിമരുന്ന് വേട്ടയ്ക്കിടയിലാണ് എം ഡി എം എ പ്രതിമ കണ്ടെത്തിയത്. എം ഡി എം എ നെതർലാൻഡിൽ നിരോധിച്ചിട്ടുള്ള ലഹരി വസ്തുവാണ്. 2019 ൽ ലോകത്തിൽ ഏറ്റവുമധികം എം ഡി എം എ ഉൽപാദിപ്പിച്ചിരുന്ന രാജ്യമായിരുന്നു നെതർലാൻഡ്.

ഇത് ആദ്യമായല്ല വേറിട്ട മാർഗങ്ങൾ ലഹരിക്കടത്ത് സംഘങ്ങൾ പ്രയോഗിക്കുന്നത്. കഴിഞ്ഞ വർഷം പൂച്ചയ്ക്കുള്ള തീറ്റയ്ക്കുള്ളിൽ 75 ലക്ഷത്തിലേറെ വില വരുന്ന എം ഡി എം എ ഒളിപ്പിച്ച് കടത്തിയ സ്കോട്ട്ലാൻഡ് സ്വദേശിയെ പിടികൂടിയിരുന്നു. ഇയാൾക്ക് നാല് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഈ വർഷം തന്നെ ശീതീകരിച്ച കോഴി ഇറച്ചിക്കുള്ളിൽ 90 കിലോ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനും പിടിയിലായിരുന്നു.

Previous Post Next Post