കുവൈത്തിൽ പുതിയ റസിഡന്‍സി നിയമം പ്രാബല്യത്തിൽ; ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ




കുവൈത്ത് സിറ്റി : റസിഡൻസി (ഇഖാമ) വീസകളുടെ അനധികൃത വിൽപനക്കാർക്കുള്ള ശിക്ഷാ നടപടികൾ കടുപ്പിച്ചു കൊണ്ട് പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ കരട് റസിഡൻസി നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം. സന്ദർശക വീസകളുടെ കാലാവധി 3 മാസമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര–പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്‍റെ അധ്യക്ഷതയി‍ൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം.

റസിഡൻസി വീസകളുടെ അനധികൃത വിൽപനയ്ക്ക് തടയിടുക, പ്രവാസികളുടെ നാടുകടത്തൽ സംബന്ധിച്ച ചട്ടങ്ങൾ രൂപീകരിക്കുക, നിയമലംഘകർക്കുള്ള ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുക എന്നിവ  ലക്ഷ്യമിട്ടുള്ളതാണ് പുതിയ കരട് നിയമം.

അംഗീകൃത ലൈസന്‍സില്ലാതെ അനധികൃതമായി വിദേശികളെ ജോലിയ്ക്ക് നിയമിക്കുകയോ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ ജോലി ചെയ്യാൻ അനുവദിക്കുക, ശമ്പളം പിടിച്ചുവെക്കുക എന്നിവക്കും വിലക്കുണ്ട്. അനധികൃതമായി കഴിയുന്നവർക്ക് താമസമോ ജോലിയോ നൽകുകയും വീടുകൾ വാടകയ്ക്ക് കൊടുക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ജീവനക്കാർ ഏതെങ്കിലും വീസ അല്ലെങ്കില്‍ റസിഡന്‍സി വ്യവസ്ഥകൾ  ലംഘിച്ചാൽ അക്കാര്യം ബന്ധപ്പെട്ട അധികൃതരെ സ്പോൺസർമാർ നിർബന്ധമായും അറിയിച്ചിരിക്കണം. 

സന്ദർശക വീസക്കാർക്ക് കുവൈത്തിൽ താമസിക്കാനുള്ള കാലാവധി മൂന്ന് മാസമാക്കിയിട്ടുണ്ട്. നിലവിൽ ഒരു മാസമാണ് വിവിധ സന്ദർശക വീസകളുടെ കാലാവധി. താല്‍ക്കാലിക റെസിഡന്‍സി പെര്‍മിറ്റുകള്‍ മൂന്ന് മാസമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വര്‍ഷം വരെ നീട്ടാന്‍ കഴിയും. റെഗുലര്‍ റസിഡന്‍സി പരിധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നാല് മാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്ത് താമസിക്കാന്‍ കഴിയില്ല. സ്വകാര്യ കമ്പനിയിലുള്ളവര്‍ക്ക് 6 മാസമാണ് കലാവധി,

വിദേശികളുടെ പാസ്പോർട്ട് നഷ്ടപ്പെടുകയോ അല്ലെങ്കിൽ കേടുപാട് സംഭവിക്കുകയോ ചെയ്താൽ അക്കാര്യം രണ്ടാഴ്ചക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. ഹോട്ടലുകളിലോ ഫർണീഷ് ചെയ്ത താമസ സൗകര്യങ്ങളിലോ  താമസിക്കുന്ന വിദേശ അതിഥികൾ രാജ്യത്ത് പ്രവേശിക്കുന്നതും തിരികെ മടങ്ങുന്നതും സംബന്ധിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Previous Post Next Post