പത്തനംതിട്ട: പത്തനംതിട്ട ഏനാത്തിൽ 40കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് വഴി അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് പിടിയിൽ. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ ഫോണിലേക്ക് രാത്രി 12 മണിയോടു കൂടി 140ലധികം അശ്ലീല ദൃശ്യങ്ങളാണ് പ്രതി അയച്ചത്.
അടുത്ത ദിവസം രാവിലെ ഏഴ് മണിയോട് കൂടിയാണ് വീട്ടമ്മ ഫോൺ പരിശോധിച്ചതും ഈ ദൃശ്യങ്ങൾ കാണുന്നതും. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. പിന്നീട് അശ്ലീല ദൃശ്യങ്ങൾ അയച്ച നമ്പറിലേക്ക് കോൾ ചെയ്തു.
തനിക്ക് മെസഞ്ചറിൽ നിന്നുമാണ് വീട്ടമ്മയുടെ നമ്പർ ലഭിച്ചതെന്നും അതുകൊണ്ടാണ് നഗ്നദൃശ്യങ്ങൾ അയച്ചതെന്നുമായിരുന്നു പ്രതി നൽകിയ മറുപടി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.