ദേശീയപാത 66 ലെ അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണം; ഒന്നര വർഷം പിന്നിട്ടിട്ടും മരണക്കെണിക്ക് പരിഹാരമില്ല...ഇതുവരെ പൊലിഞ്ഞത് 43 ജീവനുകൾ




ആലപ്പുഴ : ദേശീയപാത 66 ലെ അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണം മരണക്കെണിയാവുന്നു. നിർമ്മാണം തുടങ്ങി ഒന്നര വർഷം പിന്നിടുമ്പോൾ 43 ജീവനുകളാണ് ഇവിടെ പൊലിഞ്ഞു വീണത്. രണ്ടുദിവസം മുമ്പ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ നവവധു ടോറസ് ലോറിക്കടിയിൽപെട്ട് മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തെ അപകടം. അരൂർ തച്ചാറ വീട്ടിൽ ജോമോന്‍റെ ഭാര്യ 27 കാരിയായ എസ്തർ ആണ് മരിച്ചത്.

ഉയരപ്പാത നിർമാണം മൂലം റോഡിന് വീതി കുറഞ്ഞതാണ് അപകടങ്ങൾ പെരുകാൻ കാരണം. ഉയരപ്പാത നിർമാണം തുടങ്ങി ഒന്നരവർഷം പിന്നിട്ടിട്ടും അപകടക്കെണിക്ക് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. ഉയരപ്പാതയുടെ 12.75 കിലോമീറ്റർ ദൂരത്തിൽ 30 കിലോമീറ്റർ വേഗപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ബസുകളും ചരക്കുവാഹനങ്ങളും ഇത് പാലിക്കാറില്ല. പലപ്പോഴും ഇതാണ് കുരുക്കിനും അപകടങ്ങൾക്കും കാരണം.

രണ്ടരമാസം മുമ്പ് ആലപ്പുഴ ബീച്ചിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന രണ്ടാം ബൈപാസ് മേൽപാലത്തിന്‍റെ നാല് കൂറ്റൻ ഗർഡറുകൾ തകർന്നിരുന്നു. അപകടത്തിൽ സമീപത്തെ നാലു വീടുകൾക്ക് വിള്ളൽ വീണിരുന്നു. അതീവ സുരക്ഷയോടെയും ഗുണനിലവാരത്തിലും നിർമിച്ച 90 ടൺ ഭാരമുള്ള നാല് ഗർഡറുകൾ ഒറ്റയടിക്കാണ് നിലംപൊത്തിയത്.
Previous Post Next Post