ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:26നാണ് ഭൂകമ്പമുണ്ടായത്. മൂന്ന് ദിവസത്തിനിടെ പാകിസ്ഥാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂകമ്പമാണിത്.
ഇക്കഴിഞ്ഞ ശനിയാഴ്ച പാകിസ്ഥാനിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. രാവിലെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യം രേഖപ്പെടുത്തിയത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും ഭൂകമ്പം ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെയുള്ള ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ സാധാരണയായി കൂടുതൽ അപകടകരമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിലുള്ള സജീവ അതിർത്തിയിലാണ് പാകിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. ഇതിനാൽ തന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ.