തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷൻ സംവിധാനവുമായി കോൺഗ്രസ്


തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷൻ സംവിധാനവുമായി ബിഹാര്‍ കോൺഗ്രസ്. 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പിന്‍റെ ഭാഗമായിട്ടാണ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാജേഷ് റാം ഈ സംരംഭത്തിന് ഔപചാരികമായി തുടക്കം കുറിച്ചത്. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പാർട്ടി സമഗ്രമായ ഒരു സർവേ നടത്തുന്നുണ്ടെന്ന് ഉദ്ഘാടന വേളയിൽ രാജേഷ് റാം പറഞ്ഞു.

സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പാർട്ടി സമഗ്രമായ ഒരു സർവേ നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. “ഓരോ സീറ്റിൽ നിന്നും മികച്ച അപേക്ഷകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ . ഇന്‍ഡ്യാ മുന്നണിക്ക് കീഴിൽ സീറ്റ് പങ്കിടൽ കരാർ പ്രകാരം കോൺഗ്രസ് അവർക്ക് അനുവദിച്ച സീറ്റുകളിൽ മത്സരിക്കും,”രാജേഷ് വ്യക്തമാക്കി. പുതിയ ക്യുആർ കോഡ് സ്കാനർ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയും അടിസ്ഥാന പ്രവർത്തകരും തമ്മിൽ നേരിട്ട് ആശയവിനിമയം സാധ്യമാക്കുമെന്ന് റാം വിശദീകരിച്ചു.”സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ സുതാര്യത, നിഷ്പക്ഷത, കൂട്ടായ തീരുമാനമെടുക്കൽ സമീപനം എന്നിവ ഈ സംവിധാനം ഉറപ്പാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ വിശദമായ ഒരു ഡിജിറ്റൽ അപേക്ഷാ ഫോം ലഭിക്കും. അതിൽ പൂര്‍ണമായ പേര്,അഡ്രസ്, നിയോജക മണ്ഡലം തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കണം. സ്ഥാനാർഥികൾ കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം, അംഗത്വ നില, പാർട്ടി പ്രചാരണങ്ങളിലെ പങ്കാളിത്തം, അഞ്ച് ഫോട്ടോകൾ, ജൻ ആക്രോശ് റാലികൾ ഉൾപ്പെടെയുള്ള പൊതുജന ഇടപെടലുകളുടെ വിശദാംശങ്ങൾ, കമ്മ്യൂണിറ്റി മീറ്റിംഗുകൾ, സോഷ്യൽ മീഡിയ സ്വാധീനം, അപേക്ഷകന്‍റെ വിശദമായ ബയോഡാറ്റ എന്നിവ ഇതിലുൾപ്പെടുത്തണം. ഏകീകൃത പ്രക്രിയ ഉറപ്പാക്കാൻ സിറ്റിംഗ് എംഎൽഎമാരും എംപിമാരും ഉൾപ്പെടെ എല്ലാ കോൺഗ്രസ് നേതാക്കളും ഈ സംവിധാനത്തിലൂടെ അപേക്ഷിക്കണമെന്ന് രാജേഷ് റാം ആവശ്യപ്പെട്ടു. ‘ബിഹാർ മാറ്റത്തിന് തയ്യാറാണ്’ എന്ന മുദ്രാവാക്യത്തോട് കൂടിയുള്ളതാണ് ക്യൂ ആര്‍ കോഡ്.

അതേസമയം ഇന്‍ഡ്യാ മുന്നണിക്കുള്ളിൽ സീറ്റ് വിഭജന ചര്‍ച്ചകളിൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിൽ 243 സീറ്റുകളിലേക്ക് കോൺഗ്രസ് അപേക്ഷ ക്ഷണിച്ചത് ചര്‍ച്ചയായിട്ടുണ്ട്. കൂടുതൽ സീറ്റുകൺ നേടാനുള്ള കോൺഗ്രസിന്‍റെ സമ്മര്‍ദ്ദ തന്ത്രമാണിതെന്ന് പറ്റ്ന് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ നിരീക്ഷകൻ ചൂണ്ടിക്കാട്ടി.

Previous Post Next Post