സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; പുതിയ ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ


സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷണം നടത്തണം എന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി/ അസി. കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടിരിക്കുന്നത്. ഇര പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ജില്ലാ പോലീസ് മേധാവി സൗത്ത് സോൺ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും പോലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ എടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഈ വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. ജനറൽ ഡയറി, എഫ്‌ഐആർ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണം.

മോഷണക്കേസിലെടുത്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിന് ഡിവൈഎസ്പി/ അസി. കമ്മീഷണർക്ക് കൈമാറണം. ഇര പട്ടികജാതി വിഭാഗത്തിലുള്ളതിനാൽ എസ്‌സി/ എസ്ടി അതിക്രമ നിയമപ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തണം. അങ്ങനെ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെൻ നമ്പർ, ഔദ്യോഗിക/ താമസ സ്ഥലം മേൽവിലാസങ്ങൾ എന്നിവ കമ്മീഷനെ അറിയിക്കണം.

ഇരയുടെ മേൽവിലാസം കമ്മീഷനെ അറിയിക്കണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം ജില്ലാ പോലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പോലീസ് മേധാവി തന്റെ വിലയിരുത്തൽ ഉൾപ്പെട്ട റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷന് സമർപ്പിക്കണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണം.

Previous Post Next Post