മെസ്സിയും ടീമും കേരളത്തിലെത്തും… ആശങ്കവേണ്ടെന്ന് കായിക മന്ത്രി…


        
ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തും. അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന വാർത്തകളോട് പ്രതികരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. ഇക്കാകാര്യത്തിൽ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കൈയിൽ പണം ഉണ്ടായിരുന്നെങ്കിൽ ഈ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാത്ത് നിൽക്കില്ലായിരുന്നുവെന്നും അതുപയോഗിച്ച് കൊണ്ടുവരുമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

‘സംസ്ഥാന കായിക വകുപ്പാണ് അർജന്റീന ടീമുമായി ചർച്ച നടത്തിയത്. അതിന്റെ ഭാഗമായി സ്‌പോൺസർഷിപ്പിന് വലിയ തുക മുടക്കാൻ സർക്കാരിന്റെ നിലവിലുള്ള അവസ്ഥ അനുവദിക്കുന്നില്ല. ഇതിനായി രണ്ട് കമ്പനികളെ സ്‌പോൺസർമാരായി കണ്ടെത്തിയിരുന്നു. ആദ്യത്തെ സ്‌പോൺസർക്ക് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല.


രണ്ടാമതെത്തിയവരാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ. അവർ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാമെന്ന് അറിയിച്ച് കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും അനുമതി അവർക്ക് ലഭ്യമാക്കികൊടുത്തു. സർക്കാരിന് ചെയ്യാനാകുന്നത് ഇതാണ്. റിപ്പോർട്ടർ ചാനൽ പണം അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മെസ്സി വരില്ല എന്ന് പറയനാകില്ല. സ്‌പോൺസർമാരോട് പണം വളരെ വേഗത്തിൽ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് കാലതാമസം ഉണ്ടായിരിക്കാം. 175 കോടിയോളം രൂപ നൽകേണ്ടിവരും.സ്‌പോൺസർമാർ ആശങ്കകളൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷനുമായി അവരുണ്ടാക്കിയ കരാർ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല’ വി.അബ്ദുറഹിമാൻ പ്രതികരിച്ചു.


കേരളത്തിൽ കളിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞസമയത്ത് അർജന്റീന ടീം കളിക്കാൻ പോകുന്നത് ചൈനയിലേക്കാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തില്ലെന്ന വാർത്ത പരന്നത്
Previous Post Next Post