പാർട്ടിയുമായി കൊമ്പ് കോർക്കാൻ മറ്റൊരു ലേഖനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. രാജ്യ താല്പര്യത്തിന് മുകളിൽ പാർട്ടി രാഷ്ട്രീയം പാടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഭരണ-പ്രതിപക്ഷ പാർട്ടികളെ നയിക്കേണ്ടത് രാഷ്ട്രതാല്പര്യം ആയിരിക്കണമെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു. ‘ദി ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടുകളെ വിമർശിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകളുടെ പേരിൽ പാർട്ടികൾ ചേരിതിരിഞ്ഞ് വിമർശിക്കുന്നത് ശരിയല്ല എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. ഓപ്പറേഷൻ സിന്ദൂറിനെ ചൊല്ലി സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന ഒട്ടേറെ വിഷയങ്ങൾ കോൺഗ്രസ് ഉയർത്തിയിരുന്നു.
ഇന്ത്യാ- പാകിസ്ഥാൻ സംഘർഷത്തിലെ വെടിനിർത്തലിന് അമേരിക്ക ഇടപെട്ടു എന്നതിനെച്ചൊല്ലി ഭരണ- പ്രതിപക്ഷ കക്ഷികൾ ഏറ്റുമുട്ടി. പ്രത്യേകിച്ച് 1971ലെ ബoഗ്ലാദേശ് യുദ്ധകാലത്ത് ഇന്ദിരാഗാന്ധി അമേരിക്കയെ മാറ്റിനിർത്തിയ സംഭവം ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് നരേന്ദ്രമോദിയെ വെട്ടിലാക്കിയത്. എന്നാൽ 1971ലെ സ്ഥിതിയും ഇപ്പോഴത്തെ സംഭവങ്ങളും തമ്മിൽ താരതമ്യം പറ്റില്ലെന്ന നിലപാടാണ് തരൂർ സ്വീകരിച്ചത്. ശശി തരൂരും പാർട്ടിയും തമ്മിൽ ഇടയാൻ ഈ വിഷയങ്ങൾ കാരണമായി.
രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിൽ ഐക്യം രൂപം കൊള്ളേണ്ടത് രാജ്യനന്മയ്ക്ക് അത്യന്താപേക്ഷിതമാണ്. കാർഗിൽ യുദ്ധകാലത്തും നരസിംഹറാവുവിൻ്റെ ഭരണകാലത്തും ഭരണ പ്രതിപക്ഷ കക്ഷികൾ രാജ്യതാൽപര്യത്തിന് വേണ്ടി ഒരുമിച്ചു നിന്ന ചരിത്രമുണ്ട്. എന്നാൽ ഇപ്പോഴുണ്ടായ ഇന്ത്യാ- പാകിസ്ഥാൻ സംഘർഷകാലത്ത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ ചേരിതിരിഞ്ഞ് വാദപ്രതിവാദം നടക്കുകയാണ്, ഇതൊട്ടും ആശാസ്യമല്ല. ഭീകരവാദത്തെ ഒരുമിച്ച് നിന്ന് എതിർക്കേണ്ട നേരത്ത് വാഗ്വാദങ്ങൾ പാടില്ല എന്ന് തരൂർ പറയുന്നു.
രാജ്യസുരക്ഷയുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് രാഷ്ടീയം പാടില്ല. ജനകീയതയേക്കാൾ രാഷ്ട്രതന്ത്രത്തിന് പ്രാധാന്യം നൽകണമെന്നാണ് തരൂർ ലേഖനത്തിൽ എടുത്തു പറയുന്നത്. 1994ൽ നരസിംഹ റാവുവിൻ്റെ കാലത്ത് ഐക്യരാഷ്ടസഭയിൽ നടന്ന കാശ്മീർ ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് വിദേശകാര്യ പാർലമെൻ്ററി കമ്മറ്റിയുടെ ചെയർമാനായ ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയ് ആയിരുന്നു. കോൺഗ്രസിൻ്റെ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് ആയിരുന്നു ഡെപ്യൂട്ടി ചെയർമാൻ. പാകിസ്ഥാൻ ഞെട്ടിപ്പോയ നീക്കമായിരുന്നു അത്. പക്ഷേ ഇന്ന് ഇത്തരം നീക്കങ്ങൾ അസാധ്യമാണെന്നും തരൂർ പറയുന്നു.
പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തിൽ തുറന്നുകാട്ടുക എന്ന ഉദ്ദേശ്യത്തിൽ കേന്ദ്രസർക്കാർ വിദേശത്തേക്ക് അയക്കുന്ന പ്രതിനിധി സംഘത്തിൻ്റെ നേതൃത്വത്തിൽ വച്ചത് ശശി തരൂരിനെ ആയിരുന്നു. പാർട്ടിയോട് ആലോചിക്കാതെ ഇത് ഏറ്റെടുത്തതിലുള്ള അസ്വസ്ഥത കോൺഗ്രസ് ശശി തരൂരിനെ അറിയിക്കുകയും, പാർട്ടി നൽകിയ ലിസ്റ്റിന് പുറത്തുനിന്ന് തരൂരിനെ ഉൾപ്പെടുത്തിയ കേന്ദ്രത്തിൻറെ നീക്കത്തിൽ അതൃപ്തി അറിയിക്കകയും ചെയ്തിരുന്നു.