തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വിവാദ വെളിപ്പെടുത്തലിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകി. വെളിപ്പെടുത്തലിൽ തുടര്‍ നടപടിക്കുള്ള നിയമ വശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയത്. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിൽ പ്രസംഗിക്കവെയാണ് ജി സുധാകരൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽവെച്ച് പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്നാണ് മുൻ മന്ത്രികൂടിയായ ജി സുധാകരന്റെ വെളിപ്പെടുത്തൽ. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിൽ പ്രസംഗിക്കവെയാണ് താൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ 26 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ തുറന്നു പറഞ്ഞത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമർശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാൽലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്.