കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലര്‍ രാജ പിടിയില്‍. 26വര്‍ഷത്തിനുശേഷം ബംഗളൂരുവില്‍ നിന്നാണ് 48കാരനായ പ്രതി പിടിയിലായത്. കോയമ്പത്തൂര്‍ സിറ്റി പൊലീസൂം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയ പ്രതിയെ കോയമ്പത്തൂരില്‍ എത്തിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
പ്രതിപ്പട്ടികയിലെ ടെയ്ലര്‍ രാജ, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ക്കായി അന്വേഷണസംഘം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുജീബുര്‍ റഹ്മാന്‍ ഇപ്പോഴും ഒളിവിലാണ്. ടെയ്‌ലര്‍ രാജ കര്‍ണാടകയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒളിത്താവളം വളഞ്ഞ് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരോധിത സംഘടനയായ അല്‍- ഉമ്മയുടെ സജീവ കേഡറായിരുന്നു ടെയ്‌ലര്‍ രാജ. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രരിലൊരാള്‍ ടെയ്‌ലര്‍ രാജയെന്നാണ് പൊലീസ് പറയുന്നത്. തയ്യല്‍ക്കട നടത്തിയിരുന്ന ഇയാള്‍ സ്‌ഫോടനം നടത്തുന്നതിനായി വിവിധ ഇടങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചതും ഇതിനായി വീട് വാടകക്കെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
167 പ്രതികളുണ്ടായിരുന്ന കേസില്‍ 153 പേരാണു ശിക്ഷിക്കപ്പെട്ടത്. ഈ കേസിലാണ് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് 9 വര്‍ഷവും 3 മാസവും ജയിലില്‍ കഴിയേണ്ടിവന്നത്. അദ്ദേഹത്തെ പിന്നീടു വിട്ടയച്ചു. 1998 ഫെബ്രുവരി 14 മുതല്‍ 17 വരെയുണ്ടായ 19 സ്‌ഫോടനങ്ങളില്‍ 58 പേര്‍ മരിക്കുകയും ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
അന്നത്തെ ബിജെപി അധ്യക്ഷന്‍ എല്‍കെ അഡ്വാനി ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനം. അഡ്വാനിയെ വധിക്കുക ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.