ഝാൻസി: ഭർതൃമാതാവിനെ കൊന്ന് വീട്ടിൽ നിന്ന് 80 ലക്ഷം വില വരുന്ന ആഭരണങ്ങളുമായി സ്ഥലം വിട്ട യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. 54 കാരിയായ സുശീല ദേവിയെ കൊന്ന കേസിലാണ് മകന്‍റെ ഭാര്യ പൂജ പിടിയിലായത്. പൂജയുടെ സഹോദരി കമല, കമലയുടെ കാമുകൻ അനിൽ വർമ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സുശീല ദേവിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിൽ വർമ പിടിയിലായത്. ജൂൺ 24നാണ് കുമാരിയ ഗ്രാമത്തിലെ വീട്ടിൽ സുശീല ദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടു പിന്നാലെ പൂജയും മറ്റു രണ്ടു പേരും ഒളിവിൽ പോയി. 48 മണിക്കൂർ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
സുശീല ദേവിയുടെ മൂത്ത മകന്‍റെ ഭാര്യയായിരുന്നു പൂജ. ഭർത്താവ് മരിച്ചതോടെ പൂജ ഭർത്താവിന്‍റെ അനുജൻ കല്യാൺ സിങ്ങിനൊപ്പം താമസമായി. വൈകാതെ കൈല്യാൺ സിങ്ങും മരിച്ചു. ഇതോടെ പൂജയെ ഭർതൃ പിതാവ് അജയ് സിങ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ താമസിക്കുന്നതിനിടെ ഭർത്താവിന്‍റെ മറ്റൊരു സഹോദരനും വിവാഹിതനുമായ സന്തോഷുമായും പൂജ അടുപ്പത്തിലായി. ഈ ബന്ധത്തിൽ ഒരു മകൾ പിറന്നതോടെ സന്തോഷിന്‍റെ കുടുംബജീവിതം താറുമായി. വീട്ടിലെ തീരുമാനങ്ങളിലെല്ലാം പൂജ കൈ കടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബപരമായി 6.5 ഏക്കർ സ്വത്താണ് സുശീലയ്ക്കുണ്ടായിരുന്നത്. ഇതിൽ പാതിയോളം തന്‍റേ തന്‍റെ ഓഹരിയാണെന്നും അതു വിറ്റ് ഗ്വാളിയോറിലേക്ക് താമസം മാറണമെന്നുമായിരുന്നു പൂജയുടെ മോഹം.
ഭർതൃപിതാവും സഹോദരനും പൂജയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ സുശീല ദേവി എതിർത്തു. ഇതോടെയാണ് അവരെ കൊല്ലാൻ പൂജ തീരുമാനിച്ചത്.സുശീല ദേവിയെ കൊന്ന ശേഷം വീട്ടിൽ നിന്ന് മോട്ടോർ ബൈക്കും പിസ്റ്റളും കാണാതായിട്ടുണ്ടായിരുന്നു. ഇവയും പൊലീസ് കണ്ടെടുത്തു.സുശീല ദേവിയുടെ രണ്ട് ആൺ മക്കളുടെ മരണത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.