ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല; പണിമുടക്കില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍


ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ജീവനക്കാർക്ക് ജോലിക്ക് എത്തിയില്ലെങ്കിൽ ശമ്പളമുണ്ടാകില്ല. പണിമുടക്ക് ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകൾ സംയുക്തമായി രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.

അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി കെഎസ്ആർടിസിയും ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരായില്ലെങ്കിൽ അന്നത്തെ വേതനം ലഭിക്കില്ല. സാധാരണപോലെ എല്ലാ സർവീസുകളും നടത്തണമെന്നും കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.

ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ അവകാശപ്പെടുന്നത്. കര്‍ഷകര്‍, ബാങ്കിങ് മേഖല, ഇന്ത്യാ പോസ്റ്റ്, കല്‍ക്കരി ഖനനം, ഫാക്ടറികള്‍, പൊതുഗതാഗതം എന്നീ മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ പണിമുടക്കുമെന്ന് തൊഴിലാളി നേതാക്കള്‍ പറയുന്നു. എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച, ഐഎന്‍ടിയുസി, സിഐടിയു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേറ്റ് സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വുമണ്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍, യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളാണ് പങ്കുചേരുക.

യൂണിയനുകള്‍ മുന്നോട്ടുവെച്ച 17 ഇന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. പ്രധാനമായും കേന്ദ്രം കൊണ്ടുവന്ന തൊഴില്‍ നിയമം, സ്വകാര്യവത്കരണം, കരാര്‍ തൊഴില്‍ വ്യാപകമാക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് യൂണിയനുകള്‍ക്ക് എതിര്‍പ്പുള്ളത്. അതേസമയം സംഘപരിവാര്‍ സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ പങ്കാളിയാകില്ല.

Previous Post Next Post