കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനാസ്ഥ തുടരുന്നു. പുതിയ സർജറി ബ്ലോക്കില്‍ പ്രവർത്തനം തുടങ്ങിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന വിഭാഗത്തില്‍ (സി.എസ്.ആർ ) പൈപ്പ് പൊട്ടി സീലിംഗ് തകർന്ന് വെള്ളക്കെട്ടുണ്ടായി.
കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരിച്ചിരുന്നു. ഈ ഇടിഞ്ഞ് വീണ ഭാഗത്തിന് സമീപം സ്ഥിതി ചെയ്യുന്ന പുതിയ ബ്ലോക്കിലാണ് സിംലീഗ് തകർന്ന് വെള്ളക്കെട്ടുണ്ടായത്.
പുതിയ സർജറി ബ്ലോക്കിന്റെ എ വണ്‍ എന്ന കെട്ടിടത്തിലാണ് സി.എസ്.ആർ വിഭാഗം പ്രവർത്തിക്കുന്നത്.ഈ വിഭാഗം പ്രവർത്തിക്കുന്ന മുറിയുടെ മുകളിലത്തെ നിലയിലെ വാർഡുകളിലേക്കുള്ള വെള്ളം കടന്നു പോകുന്ന പൈപ്പ് പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണം.വെള്ളം ശക്തമായി പുറത്തേയ്ക്ക് ഒഴുകിയതി.സി.എസ്.ആർ മുറിയുടെ സീലിംഗ് ഇളകി വെള്ളം മുറിയിലേക്ക് പതിക്കുകയായിരുന്നു. ആദ്യം ജീവനക്കാർ വെള്ളം ബക്കറ്റില്‍ പിടിക്കാൻ ശ്രമിച്ചു. എന്നാല്‍, സീലിംഗ് ഇളകി തകർന്ന് നിയന്ത്രണാതീതമായി വെള്ളംനിറഞ്ഞ് മുറിയില്‍ വലിയ വെള്ളക്കെട്ടുണ്ടാവുകയായിരുന്നു.
പുതിയ ബ്ലോക്കിലേക്ക് മാറിയിട്ടും രക്ഷയില്ല
പഴയ സർജറി ബ്ലോക്കിലാണ് 10 മുതല്‍ 15 വരെയുള്ള വാർഡുകളും പ്രധാന ശസ്ത്രക്രിയ തിയേറ്ററും സി.എസ്.ആർ വിഭാഗവും പ്രവർത്തിച്ചിരുന്നത്. 14ാം വാർഡിന്റെ ടോയ്‌ലെറ്റ് ഭാഗം തകർന്ന് വീണായിരുന്നു ബിന്ദു മരിച്ചത്.
തുടർന്ന്, 10,11,14 എന്നീ വാർഡുകളും സി.എസ്.ആർ വിഭാഗവും പുതിയ സർജറി ബ്ലോക്കിലേക്ക് മാറ്റി. തിയേറ്റിന്റെ പ്രവർത്തനം പുതിയ ബ്ലോക്കില്‍ തുടങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം കെട്ടിടത്തിലെ തിയേറ്ററിലാണ് നിലവില്‍ ശസ്ത്രക്രിയ നടക്കുന്നത്.
മെഡിക്കല്‍ കോളേജിലെ മെൻസ് ഹോസ്റ്റലും നഴ്സുമാർ ഉള്‍പ്പെടെ താമസിക്കുന്ന ക്വാർട്ടേഴ്‌സുമെല്ലാം തകർന്ന് വീഴാറായ സ്ഥിതിയിലാണ്.