ആൻജിയോഗ്രാം മെഷീൻ കേടായി...രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തതായി പരാതി…




കോഴിക്കോട് : ബീച്ചാശുപത്രിയിൽ ചൊവ്വാഴ്ച ആൻജിയോഗ്രാം മെഷീൻ തകരാറായതിനെത്തുടർന്ന് രോഗികളെ ഡിസ്ചാർജ് നൽകി അയച്ചതായി പരാതി. ആൻജിയോഗ്രാം ചെയ്യാൻ കയറ്റിയ രോഗിയെ അടക്കം വാർഡിൽ ആൻജിയോഗ്രാം ചെയ്യാൻ അഡ്മിറ്റായ മുഴുവൻ രോഗികളെയും കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തതായാണ് പരാതി.

ഹൃദ്രോഗമുള്ള ആറോളംപേരാണ് വാർഡിലുണ്ടായിരുന്നത്. വീട്ടിലേക്കുപോകാനും മെഷീൻ നന്നായാൽ വിളിക്കാമെന്നും അറിയിച്ചെന്ന് രോഗികൾ പറയുന്നു. ‘ഹൃദ്രോഗമുള്ളവരെ എന്ത് ധൈര്യത്തിലാണ് വീട്ടിലേക്ക് പറഞ്ഞുവിടുന്നത്. മറ്റുരോഗങ്ങൾ പോലെയല്ലല്ലോ. എന്തും സംഭവിക്കാവുന്ന രോഗമല്ലേ’ -രോഗികളുടെ കൂട്ടിരിപ്പുകാർ ചോദിക്കുന്നു. മെഡിക്കൽ കോളേജിലേക്ക് ആരെയും റഫർ ചെയ്തില്ല. ഇത്രയും ദിവസമായിട്ടും ആരെയും വിളിച്ചിട്ടുമില്ല. രോഗികളും വീട്ടുകാരും പേടിയോടെയാണ് കഴിയുന്നതെന്നും ഇവർ പറയുന്നു.

ആൻജിയോഗ്രാം ചെയ്യാനായി മൂന്നും നാലും ദിവസംമുൻപേ അഡ്മിറ്റായവരെയാണ് ഡിസ്ചാർജ് ചെയ്തത്. ഒരു രോഗിയൊഴികെ എല്ലാവരെയും തിരിച്ചയച്ചതായും പറയുന്നു.

എന്നാൽ, എക്സ്-റേയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് മെഷീൻ കേടായെന്നത് ശരിയാണെങ്കിലും രണ്ടുപേരെ മാത്രമാണ് തിരിച്ചയച്ചതെന്ന് ബീച്ചാശുപത്രി അധികൃതർ പറഞ്ഞു. ചെയ്തുകൊണ്ടിരുന്ന ആളുടേത് പൂർത്തിയാക്കുകയും ചെയ്തിരുന്നു. പിറ്റേദിവസംതന്നെ മെഷീന്റെ തകരാർ പരിഹരിച്ചു. എന്നാൽ, മുറിക്കുപുറത്തായി മറ്റുചില ജോലികൾ നടക്കുന്നതിനാലാണ് രോഗികളെ വിളിക്കാത്തത്. ഉടനെ രോഗികളെ വിളിക്കും. മറിച്ചുള്ള ആരോപണങ്ങളൊന്നും ശരിയല്ലെന്നും അധികൃതർ പറഞ്ഞു.
Previous Post Next Post