വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന




കൊല്ലം: തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും. ഓരോ കുട്ടിയെയും ഓരോ അധ്യാപകൻ്റെയും സ്വന്തം കുട്ടിയെപോലെ കാണണമെന്നാണ് സർക്കാർ നിർദ്ദേശം. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സർക്കാരിന് ചിന്തിക്കാൻ കഴിയൂ. ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, മാനേജ്മെൻ്റ് എന്നിവരെല്ലാം കുറ്റക്കാരാണ്. ആരും ന്യായീകരിച്ച് വരേണ്ടെന്നും പൊലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജുമെൻ്റിന് നോട്ടീസ് നൽകും. മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസമന്ത്രി സാഹചര്യങ്ങൾ ചർച്ച ചെയ്തു. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിൻ്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടി ഇന്നുണ്ടാകും. മാനേജ്മെൻ്റിന് ഉത്തരവാദിത്വം ഉണ്ട്. അനാസ്ഥകാരണം നഷ്ടമായത് ഒരു പിഞ്ചുകുഞ്ഞിനെയാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗം വിളിച്ച്‌ ക ർശന നിർദ്ദേശം നൽകിയതാണ്. എന്നിട്ടും വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും. ഫിറ്റ്നസ് ലഭിച്ചത് ഉൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് വായിച്ച് അത് നടപ്പാക്കിയില്ലെങ്കിൽ ആ ഉദ്യോഗസ്ഥൻ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല. സ്കൂളുകളിൽ പാമ്പുകൾ വരാതിരിക്കാനുള്ള നിർദ്ദേശം വരെ നൽകി. ആരുപറഞ്ഞാലും കേൾക്കില്ലെന്ന് പറഞ്ഞാൽ അവക്കെതിരെ നടപടിയെടുക്കാതെ എന്തു ചെയ്യും. പരസ്പരം ഇപ്പോൾ പഴിചാരിയിട്ട് കാര്യമില്ല. മാനേജ്മെൻ്റിന് ഉത്തരവാദിത്വമുണ്ട്. വിശദീകരണം വിദ്യാഭ്യാസ വകുപ്പ് ചോദിക്കും. രാഷ്ട്രീയ സ്വാധീനമോ മറ്റേതെങ്കിലും വ്യക്തിബന്ധമോ നടപടി സ്വാധീനിക്കില്ല. പാർട്ടിയെ വലിച്ചിഴക്കണ്ട സിപിഎമ്മിന് അവിടെ സ്കൂളില്ല. ഒരു ജനകീയ സമിതിയാണ് സ്കൂൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post