രണ്ടുപേരാണ് കഴിഞ്ഞദിവസം വൈകുന്നേരം മൂന്നുമണിയോടെ ഉണ്ടായ അപകടത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്. അതില്‍ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. എക്സ്കവേറ്റർ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അറുപത് അടി ഉയരത്തുനിന്നും പാറകള്‍ കൂട്ടതോടെ താഴേക്ക് വീഴുകയായിരുന്നു. എക്സ്കവേറ്ററിനു മുകളിലേക്കാണ് പാറകള്‍ വീണത്. എക്സ്കവേറ്റർ ഓടിക്കുന്നയാളും സഹായിയുമാണ് അപകടത്തില്‍പ്പെട്ടത്.
പാറക്കല്ലുകള്‍ ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. ഇന്നലെ ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ സംഭവം നടന്ന സ്ഥലത്തേക്ക് എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ആ സമയത്തും പാറക്കല്ലുകള്‍ കൂട്ടത്തോടെ വീഴുന്ന സാഹചര്യമുണ്ടായിരുന്നു. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന് മൂന്ന് മണിക്കൂറിനുശേഷം എക്സ്കവേറ്ററിന് അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തേയാള്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്.