മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ നേതൃത്വം


മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ നേതൃത്വം. യുഡിഎഫിനും ബിജെപിക്കും എതിരെ ഇടതു യുവജന സംഘടന പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി എൽഡിഎഫ് സർക്കാരിനെ ഏറെക്കാലമായി തകർക്കാൻ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫും ബിജെപിയും ഒറ്റ മുന്നണിയായി മന്ത്രി വീണാ ജോർജിനെ മോശപ്പെടുത്താൻ പരിശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം രാജ്യത്തിന് തന്നെ മാതൃക. നിപ്പയെയും കോവിഡിനെയും പിടിച്ചു കെട്ടിയ സംസ്ഥാനമാണ് കേരളം. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ മന്ത്രി വീണാ ജോർജ്ജിനെ ആക്ഷേപിക്കാൻ ശ്രമം. പ്രതിഷേധത്തിന്റെ പേരിൽ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് ബിജെപിയും യുഡിഎഫും വിചാരിക്കേണ്ട. ആ തീരുമാനത്തിന് ഡിവൈഎഫ്‌ഐ അറുതി വരുത്തുമെന്ന് ബി നിസാം പറഞ്ഞു.

അതേസമയം കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന മന്ത്രി തല യോഗത്തിലെ തീരുമാനം നടപ്പാക്കിയില്ലെന്ന വിവരവും പുറത്ത് വന്നിരുന്നു. ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്ന മന്ത്രി തല യോഗത്തിലെ തീരുമാനമാണ് നടപ്പാക്കാതിരുന്നത്. മെയ് 30നാണ് യോഗം നടന്നത്. മന്ത്രിമാരായ വി എൻ വാസവനും വീണാ ജോർജ്ജും പങ്കെടുത്ത യോഗത്തിൽ ആയിരുന്നു തീരുമാനമുണ്ടായത്.

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാൾ മരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകൾക്ക് കൂട്ടിരിപ്പിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു.

Previous Post Next Post