ചെങ്ങന്നൂര്‍: വീട്ടുമുറ്റത്ത് കിടന്ന കാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍.
മുളക്കുഴ ഇടയിനേത്ത് വീട്ടില്‍ സെലിന്‍ കുമാര്‍ (അനൂപ്-38) ആണ് അറസ്റ്റിലായത്.
4ന് പുലര്‍ച്ചെ 12.30ഓടെ ചെങ്ങന്നൂര്‍ തിട്ടമേല്‍ ഭാഗത്ത് റെയില്‍വേ സ്‌റ്റേഷന്റെ പുറകിലെ കോണത്തേത്ത്പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന ടൊയോട്ട ഗ്ലാന്‍സ കാര്‍ ആണ് പ്രതി അഗ്‌നിക്കിരയാക്കിയത്.
രാജമ്മയുടെ വിദേശത്തുള്ള മകള്‍ തിട്ടമേല്‍ കോണത്തേത്ത് കവിത ഗോപിനാഥിന്റെ ഉടമസ്ഥതയിസുള്ള കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
അര്‍ദ്ധരാത്രിയില്‍ കുപ്പിയില്‍ കരുതിക്കൊണ്ടു വന്ന പെട്രോള്‍ കാറിനു മുകളില്‍ ഒഴിച്ച ശേഷം ലൈറ്ററുപയോഗിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് വീടിന്റെ ജനാലച്ചില്ലു തകര്‍ന്ന് അകത്തേക്ക് പടര്‍ന്ന് മെത്തയും കട്ടിലും ദിവാന്‍കോട്ടും ഭാഗികമായി കത്തിയെങ്കിലും കുടുതല്‍ തീ പടരാതെ തടയുവാന്‍ കഴിഞ്ഞു.
വീട്ടിലെ സിസിടിവി ക്യാമറയില്‍ കാര്‍ കത്തിക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. അപകടം നടക്കുമ്പോള്‍ കവിതയുടെ മകള്‍ 4 വയസുള്ള അര്‍ഷിത, രാജമ്മയുടെ സഹോദരീ പുത്രന്‍മാരായ മിഥുന്‍ മോഹന്‍, നിഥിന്‍ മോഹര്‍, ലേഖ (46) രാജമ്മ (56) എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു.
കോണത്തേത്ത് രാജമ്മയുടെ സഹോദരിയുടെ മകന്‍ മിഥുനോടുള്ള മുന്‍ വിരോധം കാരണമാണ് മിഥുനുപയോഗിക്കുന്ന കാര്‍ കത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
രണ്ട് മാസം മുന്‍പ് പെരിങ്ങാല വായനശാലയ്ക്ക് സമീപം വച്ച് മിഥുന്‍ സഞ്ചരിച്ച ഇതേ കാര്‍ സെലിന്‍ കുമാര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ കൈയ്യേറ്റം നടന്നിരുന്നു. ഇതിന്റെ മുന്‍ വിരോധത്തിലാണ് കാര്‍ കത്തിച്ചത്.
കാറിന് തീവച്ച ശേഷം വാഗണ്‍ആര്‍ കാറിലാണ് ഇയാള്‍ പോയതെന്ന് സംശയിക്കുന്നു. വീടിനു സമീപത്തുള്ള തുറസായ സ്ഥലത്ത് നിന്നും ഒരു കാര്‍ പോയതായി പറയുന്നു. സെലിന്‍ കുമാറിനൊപ്പം കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്ന സംശയവും ബലപ്പെടുന്നു.
ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.സി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.