ബാങ്ക് ഇടപാടുകാര്‍ക്ക് ആശ്വാസ തീരുമാനവുമായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണല്‍ ബാങ്കും. ജൂലൈ ഒന്നു മുതല്‍ ഇരു ബാങ്കുകളുടെയും സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് പിഴ ഈടാക്കില്ല. ബാങ്ക് ഓഫ് ബറോഡയില്‍ പ്രീമിയം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണെങ്കില്‍ ചാര്‍ജുകള്‍ തുടരും.
ആര്‍ഒബി മാസ്റ്റര്‍ സ്ട്രോക്ക് എസ്ബി അക്കൗണ്ട്, ബിഒബി സൂപ്പര്‍ സേവിങ്സ് അക്കൗണ്ട്, ബിഒബി ശുഭ് സേവിംഗ്സ് അക്കൗണ്ട്, ബിഒബി പ്ലാറ്റിനം എസ്ബി അക്കൗണ്ട്, ബിഒബി ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട് തുടങ്ങി 19 പ്രീമിയം അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് തുടരും.
പഞ്ചാബ് നാഷണല്‍ ബാങ്കിലാണെങ്കില്‍ എല്ലാ സേവിങ്സ് അക്കൗണ്ടുകളിലും പുതിയ തീരുമാനം ബാധകമാണ്. ജൂലൈ ഒന്നു മുതല്‍ മന്ത്ലി ആവറേജ് ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ലെന്നാണ് ബാങ്ക് തീരുമാനം. നേരത്തെ റൂറല്‍, സെമി അര്‍ബന്‍, അര്‍ബന്‍, മെട്രോ എന്നിങ്ങനെ വ്യത്യസ്ത ആവറേജ് ബാലന്‍സ് ആണ് നിശ്ചയിച്ചിരുന്നത്. ഇതിന് 10 രൂപ മുതല്‍ 2000 രൂപ വരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കിയിരുന്ന പിഴ.
പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക് ജൂണ്‍ മുതല്‍ മിനിമം ബാലന്‍സ് പിഴ ഒഴിവാക്കിയിരുന്നു. സേവിങ്സ്, സാലറി, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ ഉള്‍പ്പടെ എല്ലാ അക്കൗണ്ടുകളെയുമാണ് ആവറേജ് മന്ത്‍ലി ബാലന്‍സില്‍ നിന്നും ഒഴിവാക്കിയത്. അതിനാല്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കില്ല.