
കുഴമ്പ് ചോദിച്ചെത്തിയ യുവാവ് ആയുർവേദ ആശുപത്രിയുടെ ജനൽ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചു. ഇടുക്കി നെടുങ്കണ്ടം ചാറൽമേട് ആയുർവേദ ഡിസ്പെൻസറിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കല്ലേലുങ്കേൽ സ്വദേശി ബിജുമോനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ശരീര വേദനയ്ക്ക് കുഴമ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് ബിജുമോൻ, ചാറൽമേട് ആയുർവേദ ഡിസ്പെൻസറിയിൽ എത്തിയത്. ഈ സമയത്ത് ആശുപത്രിയിൽ ഡോക്ടർ ഇല്ലായിരുന്നെങ്കിലും ജീവനക്കാർ ഇയാൾക്ക് കുഴമ്പ് നൽകി.
എന്നാൽ കൂടുതൽ വേണം എന്നാവശ്യപ്പെട്ട് ഇയാൾ ബഹളം വെയ്ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് റോഡിൽ നിന്ന് കല്ലുകൾ പെറുക്കി ആശുപത്രിയിലേക്ക് എറിഞ്ഞു. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വിവിധ ജനാലകളുടെ ചില്ലുകൾ പൊട്ടി. ആശുപത്രിയിൽ മറ്റ് രോഗികൾ ഉള്ളപ്പോഴായിരുന്നു സംഭവം.