മാണി ഗ്രൂപ്പിന്റെ ‘ആ’ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; ഇടത് മുന്നണി വിട്ട് കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പ് കോൺഗ്രസ്സിലേക്കോ ?


കോട്ടയം :   ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയത് ഇക്കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ആണ്. കഷ്ടിച്ച് ഒരുവർഷം പിന്നിട്ടപ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത് ഇതേ വിഷയം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്നാണ്. മനുഷ്യസുരക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നാണ് പാർട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയാണ് ഉന്നയിച്ചത്.
എന്നാൽ ഈ ആവശ്യം അനവസരത്തിലായി എന്ന വിലയിരുത്തലാണ് സിപിഎമ്മിനുളളത്. അല്ലെങ്കിൽ തന്നെ ക്രൈസ്തവ സഭകൾ അടക്കം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയമാണ് ഇത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും ഇത് എൽഡിഎഫിന് തിരിച്ചടിയായതാണ്. വീണ്ടും ഇത് ചർച്ചയാക്കാൻ ജോസ് കെ.മാണി ശ്രമിക്കുന്നത് അത്ര നിഷ്കളങ്കമല്ല എന്നാണ് സിപിഎം കണക്കുകൂട്ടൽ. അതും മുഖ്യമന്ത്രി നാട്ടിലില്ലാത്ത സമയത്ത് ഇത് ഉയർത്തിക്കൊണ്ടു വന്നാൽ ഫലപ്രദമായി പ്രതിരോധിക്കാനും കഴിയാത്ത അവസ്ഥയുണ്ടാകും.
കേരള കോണ്‍ഗ്രസിന്റെ പ്രധാന വോട്ടുബാങ്കായ ക്രൈസ്തവ സഭകള്‍ നാളുകളായി ഉന്നയിക്കുന്ന ആവശ്യമാണ് പാര്‍ട്ടി മുന്നോട്ടു വച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന സഭകളുടെ വാദം മറ്റൊരു വിധത്തില്‍ ജോസും ഉന്നയിക്കുകയാണ്. എൽഡിഎഫ് വിടില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും കത്തോലിക്കാ സഭയുടെ സമ്മര്‍ദ്ദം കണ്ടില്ലെന്ന് നടിക്കാന്‍ അദ്ദേഹത്തിനാവില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജോസിന്റെ പാര്‍ട്ടിക്കേറ്റ തിരിച്ചടിയും, നിലമ്പൂരിലെ യുഡിഎഫ് വിജയവുമെല്ലാം അണികളെയും അസ്വസ്ഥമാക്കുന്ന വിഷയങ്ങളാണ്.

പാല, കോതമംഗലം, തലശ്ശേരി, താമരശ്ശേരി രൂപതാ ബിഷപ്പുമാര്‍ വന്യജീവി ശല്യത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചതും ജോസ് കെ മാണിയെ അസ്വസ്ഥമാക്കുന്നുണ്ട്. നിലമ്പൂരിലെ ക്രൈസ്തവ വോട്ടര്‍മാര്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ തിരിഞ്ഞത് മുന്നറിയിപ്പായാണ് അവർ വിലയിരുത്തുന്നത്. വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായ 435 പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവ ഭൂരിപക്ഷം ഉള്ളവയാണ്. അവരുടെ താല്പര്യത്തിനൊപ്പം നിന്നില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്ന ഭയം പാലായിലെ കര്‍ഷക പാര്‍ട്ടിയെ അലട്ടുന്നുണ്ട്.

ഇതെല്ലാം അറിയുന്നത് കൊണ്ടാണ്, ജോസും കൂട്ടരും മുന്നണി വിടാന്‍ കാരണം തേടുകയാണോ എന്ന് സിപിഎം സംശയിക്കുന്നത്. അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടി നിയമനിര്‍മ്മാണം നടത്തുന്നില്ല എങ്കില്‍ ആ കാരണം പറഞ്ഞ് കേരള കോൺഗ്രസ് (എം) പുറത്തേക്ക് വരുമെന്ന പ്രതീക്ഷ യുഡിഎഫിനുമുണ്ട്. ജോസ് കെ.മാണിയുടെ പുതിയ ആവശ്യത്തിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന സംശയവും സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ ഏറെ കരുതലോടെയേ ഇക്കാര്യത്തിൽ സിപിഎമ്മിൻ്റെ പ്രതികരണം ഉണ്ടാകൂ.
Previous Post Next Post