മോട്ടർ പമ്പിംഗിന് ഇടയിൽ മോട്ടറിന്‍റെ ബെൽറ്റിൽ അറിയാതെ മുണ്ട് കുരുങ്ങി; ഡ്രൈവർക്ക് ദാരുണാന്ത്യം

 

കുട്ടനാട്: മങ്കൊമ്പ് പാടശേഖരത്തെ മോട്ടറിന്റെ ബെൽറ്റിൽ മുണ്ട് കുരുങ്ങി അപകടത്തിൽ പെട്ട ഡ്രൈവർ മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് ഒന്നാങ്കര കോളനി നമ്പർ 27 ൽ പാറശ്ശേരിച്ചിറ ജോസ്ഫ് ജോർജ് (69) ആണ് മരിച്ചത്. എ സി റോഡിലെ ഒന്നാങ്കര ഫ്ലൈ ഓവറിന് തെക്ക് വശത്ത് ചമ്പക്കുളം കൃഷിഭവന് കീഴിലായ് വരുന്ന മൂല പൊങ്ങമ്പ്ര പാടശേഖരത്തിന്റെ ചേനാവള്ളി മോട്ടോർ തറയിൽ ഇന്ന് രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. മോട്ടോർ തറയ്ക്ക് സമീപം വലവീശിക്കൊണ്ട് നിന്ന ഒന്നാങ്കര ചിറത്തറ ദീമോനാണ് സംഭവം ആദ്യം അറിയുന്നത്. അപകടത്തിന്റെ വലിയ ശബ്ദം കേട്ടപാടെ ഇയാൾ വല വീശുന്നത് നിർത്തി അങ്ങോട്ടേയ്ക്ക് ഓടിയെത്തിയെങ്കിലും ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല

കൊയ്ത്ത് കഴിഞ്ഞുള്ള സീസൺ സമയത്ത് താറാവിനെ തീറ്റാൻ പോകുന്ന ജോസഫ് ഇടയ്ക്ക് പമ്പിംഗിനും മറ്റും പോകാറുണ്ട്. ഇന്ന് അങ്ങനെ മോട്ടർ പമ്പിംഗിന് എത്തിയതിനിടെ അപകടത്തിൽപെട്ട് ജീവൻ പൊലിയുകയായിരുന്നു. പുളിങ്കുന്ന് പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്ഥികരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ: കഞ്ഞുമോൾ. മക്കൾ: മറിയാമ്മ ജോസഫ്, ജാൻസി ജോസഫ്.

Previous Post Next Post