‘മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്, ജയിൽ ചാടുമ്പോൾ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു’.. ജയിൽ ചാടിയതോ ചാടിച്ചതോ, സർവ്വത്ര ദുരൂഹത…


        
സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.കൊടും ക്രിമിനൽ ഗോവിന്ദച്ചാമി ജയിൽ ചാടിയത് രാത്രി ഒന്നേ കാലിന്. ജയിൽ അധികൃതർ അതറിയുന്നത് പുലർച്ചെ അഞ്ചേ കാലിന്. പൊലീസിൽ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്.

മതിലിൽ വൈദ്യുതി ഫെൻസിംഗ്. ജയിൽ ചാടുമ്പോൾ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സർവ്വത്ര ദുരൂഹത. ജയിൽ ചാടിയതോ ചാടിച്ചതോ? ജയിൽ ഉപദേശക സമിതിയിൽ പി. ജയരാജനും തൃക്കരിപ്പൂർ എം. എൽ. എയും ഉണ്ടെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് പുലർച്ചെ 1.15 നാണ് സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.


Previous Post Next Post