ഇന്ന് കർക്കിടകം ഒന്ന് കർക്കിടകത്തിലെ ആചാരങ്ങളെക്കുറിച്ചും ,ചികിത്സയെക്കുറിച്ചും ,ആഹാര രീതിയെക്കുറിച്ചും അറിയാം



കോട്ടയം :ദുഷ്ടതകൾ നിവാരണം ചെയ്യുന്ന പുണ്യമാസമാണ് കർക്കിടകം. മറ്റൊരു മാസങ്ങളിലും കാണാത്ത അനവധി വിശേഷങ്ങൾ നിറഞ്ഞതാണ് കർക്കിടകം, കർക്കിടകത്തെ എതിരേൽക്കുക എന്നതിന് മഹാലക്ഷ്മിയെ ആനയിച്ചുകൊണ്ടുവരിക എന്നാണ് അർത്ഥം. അതുകൊണ്ടു തന്നെ ഈ മാസത്തിൽ ഈശ്വരഭജനം ചെയ്താൽ ദേവപദം ലഭിക്കുമെന്നാണ് വിശ്വാസം.

രാമനാമജപത്തിലൂടെ സമസ്തദുരിതങ്ങളിൽ നിന്നും മോചനം നേടാം എന്ന വിശ്വാസമാണ് കർക്കിടകത്തെ രാമായണ മാസമാക്കിത്തീർത്തത്. രാമായണ പാരായണം, രാമായണശ്രവണം തുടങ്ങിയവ ഇരു മാർഗ്ഗങ്ങളാണെങ്കിൽ രാമായണകഥാപാത്രദർശനം മോക്ഷകവാടമാകുന്നു. അതിനെത്തുടർന്നാണ് നാലമ്പല ദർശനത്തിന് പ്രാധാന്യം ലഭിച്ചതും, പുതുവർഷത്തിൽ ഉത്തമജീവിതം നയിക്കാനുള്ള തയ്യാറെടുപ്പായും ഈ രാമായണമാസത്തെ ആചരിക്കാം

🟧കർക്കിടക ചികിത്സ
കേരളത്തിൻെറ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് മഴക്കാലത്തെ കർക്കിടക ചികിത്സ. ശാരീരികവും മാനസികവുമായ ആരോഗ്യരക്ഷക്ക് പ്രാധാന്യം നൽകുന്ന ആയുർവേദം, ഈ കർക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വാതം, പിത്തം, കഫം തുടങ്ങിയ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിൻ്റെ അടിസ്ഥാന ശിലകളായി ആയുർവേദം വിവരിക്കുന്നത്. ഇത് ഭംഗം നേരിടുമ്പോൾ ശരീരത്തെ രോഗങ്ങൾ കീഴ്പ്പെടുത്തും. വേനൽകാലം, മഴക്കാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളിൽ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ ശരീരബലം കുറയുന്നത് പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കും.

🟧പഞ്ചകർമ ചികിത്സ
ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കർക്കടക ചികിത്സയിലുള്ളത്. ആയുർവേദത്തിൽ പഞ്ചകർമ്മങ്ങളെന്ന് അറിയപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണ് പ്രധാനം. രക്തമോക്ഷ ചികിൽസ മാറ്റിനിർത്തിയാൽ മറ്റ് നാലു കാര്യങ്ങളും കേരളീയ പഞ്ചകർമ ചികിത്സാരീതിയിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. പഞ്ചകർമ ചികിത്സകൾക്ക് മുമ്പായി സ്നേഹ, സ്വേദ രൂപത്തിലുള്ള ക്രിയകൾ (പൂർവ്വകർമങ്ങൾ) ചെയ്യുന്നു. പഞ്ചകർമ ചികിത്സകൾ പൂർണ ഫലപ്രാപ്തിയിൽ എത്തിക്കുവാനാണിത്. ശരീരധാതുക്കളിൽ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങളെ സ്നേഹം, സ്വേദങ്ങൾ വഴി പുറത്തെത്തിക്കാൻ കഴിയും. മാലിന്യങ്ങളെ ഛർദ്ദിപ്പിച്ചും വയറിളക്കവും വസ്തിരൂപേണയും പുറത്തു കളയുന്നതാണ് ശോധന ചികിത്സ. കൂടാതെ ഇലക്കിഴി, അഭ്യംഗം, പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങിയവയും പൂർവ്വ കർമ്മങ്ങളിൽപെടുന്നു

🟧ഇല്ലംനിറ
കർക്കിടകത്തിലെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ് ഇല്ലംനിറ, ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വരവറിയിക്കുന്ന ഇല്ലംനിറകൾ കർക്കിടകത്തിലെ അത്തം നാളിലാണ് മിക്കക്ഷേത്രങ്ങളിലും ആചരിക്കുന്നത്.

പാലാഴിമഥനത്തിൽ നിന്നും ഉത്ഭവിച്ചവളും വിഷ്ണുവിന്റെ ധർമ്മപത്നിയുമായ ലക്ഷ്മീഭഗവതി ശ്രീഭഗവതിയെ ധനധാന്യ ഐശ്വര്യാദികളുടെ ദേവതയായി ഉപാസിച്ചുവരുന്നു. കേരളത്തിൽ പൊതുവെ വിളവെടുപ്പിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും അരിമാവ് കൊണ്ടണിഞ്ഞ് അലങ്കരിച്ച് മുഹൂർത്തസമയത്ത് ശ്രീഭഗവതിയെ ഭക്ത്യാദരപൂർവ്വം വരവേറ്റ് മഹാലക്ഷ്മിയായി പൂജിക്കുന്ന ചടങ്ങാണ് ഇല്ലംനിറ. മഹാലക്ഷ്മിയുടെ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ഈ ആചാരത്തിൽ പങ്കുകൊള്ളുന്നതും നെൽക്കതിർ ഭവനങ്ങളിൽ സൂക്ഷിക്കുന്നതും ജീവിതത്തിൽ സമസ്ത സൗഭാഗ്യങ്ങളും തരുമെന്നാണ് വിശ്വാസം.

🟧കറുത്തവാവിലെ ശ്രാദ്ധമൂട്ടൽ
മനുഷ്യൻ അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളിൽ ഒന്നാണ് ശ്രാദ്ധം. അഗസ്ത്യമുനി പോലും പിതൃക്കളെ മോചിപ്പിക്കാൻ വിവാഹം കഴിക്കുകയും ശ്രാദ്ധം ഊട്ടുകയും ചെയ്തതായി പുരാണം പറയുന്നു. കർക്കിടകത്തിലെ കറുത്തവാവ് പിതൃക്കളുടെ ദിനമാണ്. പൊതുവെ അമാവാസികൾ എല്ലാംതന്നെ പിതൃക്കൾക്ക് പ്രാധാന്യമുള്ളതാണല്ലോ. ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്നാണ് ശാസ്ത്രം. ദക്ഷിണായനത്തിൽ മരിക്കുന്നവരാണ് പിതൃലോകത്തേയ്ക്ക് പോകുന്നതത്രെ. ഇതിന്റെ ആരംഭമാണ് കർക്കിടകമാസം. കർക്കിടകത്തിലെ ആദ്യത്തെ കറുത്തവാവ് പിതൃബലിക്ക് ഏറ്റവും ഗുണകരമാണ്.

പിതൃക്കളുടെ തൃപ്തിക്കും അനുഗ്രഹത്തിനും വേണ്ടി അവരോടുള്ള നന്ദി-കൃതജ്ഞതാസ്മരണാദി ബഹുമാനങ്ങൾ ഭക്തിപൂർവ്വം അനുഷ്ഠിക്കേണ്ടത് ആ പരമ്പരയിൽപ്പെടുന്ന ജീവിച്ചിരിക്കുന്ന ആളുകളുടെ ജീവിതധർമ്മമാണ്. ഈ നിലയിൽ സമർപ്പിക്കുന്ന അന്ന പാനാദി-ഭോജനദാനമാണ് ബലി.
🟧പത്തിലക്കറി
കർക്കിടകമാസാചരണ ഭാഗമായി മുപ്പെട്ടു വെള്ളിയാഴ്ച, പത്തിലകൾ കൊണ്ട് തയ്യാറാക്കുന്ന ഉപ്പേരി ( തോരൻ )  കഴിക്കുന്ന ദിവസമാണ്. താള്, തകര, ചേമ്പ്, ചേന, ചീര, പയർ, നെയ്യുണ്ണി, മത്തൻ, കുമ്പളം, കരിക്കൊടി അല്ലെങ്കിൽ തഴുതാമ എന്നീ പത്തിലകൾ കൊണ്ടുള്ളതാണ് ഉപ്പേരി ( തോരൻ ) . പത്തില ഉപ്പേരി പേരുപറയാതെ കഴിക്കണമെന്നാണ് ചൊല്ല്.

സ്ത്രീകൾ കയ്യിൽ മൈലാഞ്ചിയണിയുന്ന ദിവസവും കൂടിയാണ് കർക്കിടകത്തിലെ ആദ്യ വെള്ളിയാഴ്ച. വെള്ളിലതാളി തേച്ചുകുളിക്കുന്നതും വെള്ളില തലയിൽ ചൂടുന്നതും ഈ ദിവസം തന്നെ. ഉപ്പുചേർക്കാതെ തവിടുകൊണ്ട് ചുട്ട അട കഴിക്കുന്ന പ്രത്യേകതയും കർക്കിടകത്തിലെ ചൊവ്വ, വെള്ളി ദിവസങ്ങളിലുണ്ട്.


കർക്കിടകത്തിലെ കറുത്തവാവിൻ നാളിലെ ഔഷധസേവ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഉണക്കലരി വറുത്തത്, ശർക്കര, തേങ്ങ, ചുക്ക് എന്നിവ ചേർത്ത് പൊടിച്ച് കൊടുവേലി കിഴങ്ങും ചേർത്ത് പൊടിച്ചെടുക്കുന്ന അരിപ്പൊടി കറുത്തവാവിൻ നാൾ കഴിച്ചാൽ ശാരീരികമായ അസ്വസ്ഥതകൾക്ക് ശമനം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കർക്കിടകകഞ്ഞിയും ഔഷധസേവയും ദശപുഷ്പധാരണവും മയിലാഞ്ചി അണിയലുമെല്ലാം ശാരീരികമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നതാണ്.
Previous Post Next Post