ഫൂട്ട്പാത്തിനോട് ചേര്‍ന്നുള്ള കൈവരിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റതായി പരാതി


പേരാമ്പ്രയില്‍ ഫൂട്ട്പാത്തിനോട് ചേര്‍ന്നുള്ള കൈവരിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റതായി പരാതി. അസ്വസ്ഥത അനുഭവപ്പെട്ട ഏതാനും വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂളില്‍ പോകാനായി പേരാമ്പ്ര-വടകര റോഡില്‍ ബസ് കാത്തുനില്‍ക്കവേ ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പേരാമ്പ്ര സ്വദേശികളുമായ നെല്ലിയുള്ളതില്‍ കാര്‍ത്തിക(17), എരവട്ടൂര്‍ പൊയ്‌ലോറയിലെ ദമയ(17) എന്നിവര്‍ക്കാണ് ഷോക്കേറ്റത്.

ചെറിയ അസ്വസ്ഥതയുണ്ടായെങ്കിലും കാര്യമാക്കാതെ സ്‌കൂളിലേക്ക് പോയ ഇവര്‍ക്ക് പിന്നീട് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ ആശുപത്രിയിലും പിന്നീട് പേരാമ്പ്ര ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ത്തിക എന്ന വിദ്യാര്‍ത്ഥിനിക്ക് നേരിയ രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിവരം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയ കെഎസ്ഇബി അധികൃതര്‍ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. എന്നാല്‍ കുട്ടികള്‍ നിന്ന ഭാഗത്തിന്‍റെ എതിര്‍വശത്തുകൂടിയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. വൈദ്യുതി കമ്പികളില്‍ നിന്ന് ഷോക്കടിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്ന് വ്യക്തമായതിനാല്‍ പിന്നീട് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.

Previous Post Next Post