തദ്ദേശത്തിൽ പിടിമുറുക്കാൻ ഒരുങ്ങി കോൺഗ്രസ്; പട നയിക്കാൻ മുതിർന്ന നേതാക്കളെ കളത്തിലിറക്കും


നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്നു കണക്കാക്കാവുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളെയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കാൻ പദ്ധതിയിട്ട് കോൺഗ്രസ്. ഇതിൽ വിജയം കണ്ടാൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മികച്ച ഉണർവ് ഉണ്ടാക്കാമെന്നാണ് വിലയിരുത്തൽ. തദ്ദേശത്തിൽ വർഷങ്ങളായി എൽഡിഎഫ് നേടുന്ന മേൽക്കൈ അവസാനിപ്പിക്കാൻ ആണ് തന്ത്രങ്ങൾ മെനയുന്നത്.

ഇതിനായി കേരളത്തിലെ പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളെ തന്നെ പട നയിക്കാൻ ഇറക്കാനാണ് കെപിസിസിയുടെ ശ്രമം. കൊച്ചി കോർപ്പറേഷൻ പിടിക്കുന്നതിനായി എറണാകുളം ജില്ലയുടെ ചുമതല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിട്ട് എട്ടെടുത്തേക്കും. കോട്ടയം ജില്ലയുടെ ചുമതല ബെന്നി ബഹനാനും, കോഴിക്കോട് ജില്ലയുടെ ചുമതല രമേശ് ചെന്നിത്തലക്കും ആകുമെന്നാണ് സൂചന.

ഒരു ഘട്ടത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരെ പേര് ഉയർന്നുവന്ന അങ്കമാലി എംഎൽഎ റോജി എം ജോണിനാകും തൃശ്ശൂർ ജില്ലയുടെ ചുമതല. ഡിസിസി പുനസംഘടന ഉൾപ്പെടെ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനം പിടിക്കുന്നതിനായി കെ മുരളീധരനെ കളത്തിൽ ഇറക്കാനും ആലോചനകൾ ഉണ്ട്. കണ്ണൂർ പിടിക്കുന്നതിനായി കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ തന്നെ ഇറങ്ങുമെന്നും സൂചനയുണ്ട്.
Previous Post Next Post