നൂറനാട് സിപിഐഎം പ്രവര്‍ത്തകര്‍ വീടു പൂട്ടി കൊടികുത്തിയതില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി ഫോണ്‍ കോള്‍ പുറത്ത്.കുടുംബത്തോടൊപ്പം താമസിക്കാനെത്തിയ അര്‍ഷാദിനെ പാലമേല്‍ ലോക്കല്‍ സെക്രട്ടറി നൗഷാദ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളാണ് പുറത്തുവന്നത്. വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നാണ് നൗഷാദിന്റെ ഭീഷണി.
ഇന്നലെ രാത്രിയാണ് ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ അമ്മയെയും പെണ്‍മക്കളെയും സിപിഐഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നിറക്കി വിട്ടത്. പാലമേല്‍ ലോക്കല്‍ സെക്രട്ടറി നൗഷാദിന്റെ നേതൃത്വത്തിലാണ് വീട് പൂട്ടി കൊടി കുത്തിയത്. ഇഎംഎസ് ഭവന പദ്ധതിയില്‍ ലഭിച്ച വീട് വിറ്റത് കൊണ്ടാണ് നടപടിയെടുത്തതെന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ വിശദീകരണം. നൂറനാട് പൊലീസില്‍ കുടുംബം പരാതി നൽകിയതിനെ തുടർന്ന് പൊലീസെത്തി വീട് തുറന്നു നല്‍കുകയായിരുന്നു. കുളങ്ങര സ്വദേശി അര്‍ഷാദ്, ഭാര്യ റജൂല, രണ്ട് മക്കളടങ്ങുന്ന കുടുംബമാണ് പെരുവഴിയിലായത്. മൂന്ന് ദിവസം മുന്‍പാണ് കുടുംബം ഇവിടെ താമസത്തിനെത്തിയത്. കുട്ടികളുമായി ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്.