കോട്ടയം റെയില്‍വേ സ്‌റ്റേഷനിൽ നിന്നും യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി


കോട്ടയം : റെയില്‍വേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഇതര സംസ്ഥാനക്കാരൻ പിടിയില്‍.

വെസ്റ്റ് ബംഗാള്‍ ഉത്തർ ദീജാപൂർ ബലിജോലെയില്‍ നജീറുല്‍ ഹഖി(31)യാണ് പിടിയിലായത്. ആഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം.

പുലർച്ചെ നാലുമണിയോടെയാണ് സംഭവം, റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ഇയാൾ മോഷ്ടിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ റെയില്‍വേ സംരക്ഷണ സേനാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

റെയില്‍വേ സംരക്ഷണ സേനാ എസ്.ഐ എൻ.എസ് സന്തോഷ്, അസി.സബ് ഇൻസ്‌പെക്ടർമാരായ എസ്.സന്തോഷ്‌കുമാർ, ബിജു എബ്രഹാം, ഹെഡ് കോണ്‍സ്റ്റബിള്‍ എം.മധുസൂദനൻ, ക്രൈംഇന്റലിജൻസ് വിംങ് എസ്.ഐ ഫിലിപ്പ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നാഗമ്പടം  റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ ഇയാള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആർ.പി.എഫ് സംഘം ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഈ ഫോണുകള്‍ ആരുടേതാണ് എന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാൻ ഇദ്ദേഹത്തിന് സാധിച്ചില്ല, തുടർന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Previous Post Next Post