തിരുവനന്തപുരത്ത് നടന്നത് പ്ലസ്ടു വിദ്യാർത്ഥികളുടെ മദ്യപാന മത്സരം..പതിനാറുകാരൻ വെള്ളമൊഴിക്കാതെ അടിച്ചത് അരക്കുപ്പി മദ്യം…


        
തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു വിദ്യാർത്ഥിയെ മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാന മത്സരത്തിനിടെയാണ് വിദ്യാർത്ഥികളിൽ ഒരാൾ കുഴഞ്ഞുവീണത്. തിരുവനന്തപുരം ആൽത്തറ ജംക്‌ഷനിൽ നിർമാണത്തിലിരുന്ന വീട്ടിലായിരുന്നു മദ്യപാന മത്സരം സംഘടിപ്പിച്ചത്.

ന​ഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഏഴു വിദ്യാർത്ഥികളാണ് വെള്ളമടി മത്സരത്തിനായി എത്തിയത്. സ്കൂളുകളിൽ ഓണാഘോഷമായതിനാൽ ഇവർ സ്കൂൾ യൂണിഫോമിലായിരുന്നില്ല. ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും ഇവർ തന്നെയാണ് മദ്യം വാങ്ങിയത്. മുണ്ടും ഷർട്ടുമായിരുന്നു വേഷമെന്നതിനാൽ ഇവർ വിദ്യാർത്ഥികളാണെന്ന് ബെവ്കോ ജീവനക്കാരും തിരിച്ചറിഞ്ഞില്ല. ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യവുമായാണ് കുട്ടികൾ ആൽത്തറ ജംക്‌ഷനിൽ നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തിയത്.

വിദ്യാർത്ഥികൾ പരസ്പരം മത്സരിച്ച് മദ്യപിച്ചെന്നാണു സൂചന. അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർത്ഥി കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ സംഘത്തിലെ അഞ്ചു പേർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി മ്യൂസിയം പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് വിദ്യാർത്ഥിയെ മെഡിക്കൽ കോളജിലേക്കു മാറ്റിയത്. അവശനിലയിലുള്ള വിദ്യാർത്ഥി തീവ്രപരിചരണ വിഭാഗത്തിലാണ്.


സംഭവത്തിൽ മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നു. കേസെടുത്തിട്ടില്ല. വിദ്യാർത്ഥികൾക്ക് ബെവ്കോയിൽ നിന്ന് എങ്ങനെ മദ്യം ലഭിച്ചുവെന്നതിനെക്കുറിച്ചും അന്വേഷിക്കും. മുണ്ടും ഷർട്ടും ധരിച്ചെത്തിയവർ വിദ്യാർത്ഥികളാണെന്ന് ബെവ്കോ ജീവനക്കാർക്കു തിരിച്ചറിയാനായില്ലെന്നാണു സൂചന.


        

Previous Post Next Post