മിന്നൽ പ്രളയം: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി സര്‍ക്കാര്‍


        

മിന്നൽ പ്രളയത്തെതുടര്‍ന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി സര്‍ക്കാര്‍. സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി സംസാരിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കെസി വേണുഗോപാൽ അറിയിച്ചു. ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉടൻ ഇടപെടുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ഉറപ്പു നൽകി. 

മലയാളികൾ താമസിക്കുന്ന ഹോട്ടലിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. നാളെ വൈകിട്ടോടുകൂടി ഗതാഗതം പുനസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.ഹിമാചൽ പ്രദേശിൽ മഴക്കെടുതിയെ തുടര്‍ന്ന് മൂന്ന് ദേശയപാതകള്‍ ഉള്‍പ്പെടെ 822 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബിലാസ്പുർ, സോലൻ, സിർമോർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

ജൂൺ 20 മുതൽ ആഗസ്റ്റ് 30 വരെ 91 മിന്നൽ പ്രളയമാണ് സംസ്ഥാനത്തുണ്ടായത്, 45 മേഘവിസ്ഫോടനങ്ങൾ, 93 വലിയ മണ്ണിടിച്ചിലുകൾ എന്നിവയുമുണ്ടായി. ഇതിനിടെ, പഞ്ചാബിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രളയ സാഹചര്യം നേരിടാൻ കേന്ദ്രത്തിന്‍റെ പക്കൽ കുടുങ്ങിക്കിടക്കുന്ന 60000 കോടി രൂപയുടെ സംസ്ഥാന ഫണ്ട് വിട്ടു നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

Previous Post Next Post