
ട്രെക്കിംഗിനിടെ ഓമനിക്കാൻ ശ്രമിച്ചത് അമേരിക്കയിലെ ഏറ്റവും അപകടകാരിയെ. യുവാവിന് ദാരുണാന്ത്യം. ടെന്നസിയിലെ സാവേജ് ഗൾഫ് സ്റ്റേറ്റ് പാർക്കിലാണ് യുവാവിനെ ടിംബർ റാറ്റിൽ സ്നേക്ക് കടിയേറ്റത്. നടക്കുന്നതിനിടെ കണ്ട റാറ്റിൽസ്നേക്കിനെ യുവാവ് കയ്യിലെടുക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. യുവാവിന്റെ കയ്യിലാണ് പാമ്പ് കടിയേറ്റത്. പിന്നാലെ തന്നെ അവശനിലയിലായ യുവാവിനെ അധികൃതർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരമണിക്കൂറിലേറെ ദൂരം പാർക്കിൽ നടന്നതിന് പിന്നാലെയാണ് ട്രെക്കിംഗ് പാതയ്ക്ക് സമീപത്ത് കിടന്ന പാമ്പിനെ യുവാവ് എടുത്തത്. സിപിആർ അടക്കം നൽകിയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ പാമ്പുകളുടെ സാന്നിധ്യം മേഖലയിൽ ഉള്ളതിനാൽ ഇഴജന്തുക്കളെ തൊടാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് യുവാവിന്റെ ജീവൻ അപകടത്തിലാക്കിയത്.
ചട്ടനൂഗയിൽ നിന്ന് 96 കിലോമീറ്റർ അകലെയുള്ള സംസ്ഥാന പാർക്കിലാണ് സംഭവമുണ്ടായത്. റാറ്റിൽ സ്നേക്കിന്റെ കടിയേറ്റ് അരമണിക്കൂറിനുള്ളിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചതായാണ് പാർക്ക് അധികൃതർ വിശദമാക്കുന്നത്. ടെന്നസിയിൽ സാധാരണമായി കാണുന്ന ഏറ്റവും വിഷമേറിയ നാല് റാറ്റിൽ സ്നേക്കുകളിൽ ഒന്നാണ് ടിംബർ റാറ്റിൽ സ്നേക്ക്. മൂന്ന് അടി മുതൽ 5 അടി വരെ നീളമാണ് പ്രായപൂർത്തിയായ റാറ്റിൽ സ്നേക്കുകൾക്കുണ്ടാവുക.
മരങ്ങൾ നിരഞ്ഞ മേഖലയിൽ പാറക്കെട്ടുകൾക്ക് സമീപത്തായാണ് സാധരണ ഇവയെ കണ്ടെത്താൻ സാധിക്കുക. ഇണക്കമുള്ള രീതിയിൽ കാണപ്പെടുന്ന ഇവ ചുരുണ്ടുകൂടിക്കിടന്നാണ് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരോ വർഷവും 8000 പേരാണ് പാമ്പ് കടിയേൽക്കുന്നത്. ഇതിൽ അഞ്ചോളം പേർ പാമ്പ് കടിയേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്.