വളർത്തുനായയെ കാണാനില്ലെന്ന് പരാതി.. എസ്‍ടി വിഭാ​ഗത്തിൽപ്പെട്ട കോൺസ്റ്റബിളിനെ ക്രൂരമായി മർദ്ദിച്ച് മേലുദ്യോ​ഗസ്ഥൻ..


        

മധ്യപ്രദേശിൽ വളർത്തുനായയെ കാണാനില്ലെന്നാരോപിച്ച് പൊലീസുദ്യോ​ഗസ്ഥൻ ​ഗോത്രവർ​ഗക്കാരനായ കോൺസ്റ്റബിളിനെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധം ശക്തമാവുന്നു. റിസേർവ് ഇൻസ്പെക്ടറായ സൗരഭ് കുശ്വയാണ് ആദിവാസി വിഭാ​ഗത്തിൽപെട്ട പൊലീസ് കോൺസ്റ്റബിളായ രാഹുൽ ചൗഹാന അതിക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ രാഹുലിന്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആദിവാസി സംഘടനകളിൽ നിന്നും പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസിൽ സൗരഭ് കുശ്വയ്ക്കെതിരെ ഉയരുന്നത്. ആദിവാസി സംഘടനയായ ജയ് ആദിവാസി യുവ ശക്തിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പ്രതിഷേധത്തെ തുടർന്ന് സൗരഭിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും അഡീഷണൽ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ വടക്കുപടിഞ്ഞാറൻ ജില്ലയായ ഖരേ​ഗോൺ ജില്ലയിലാണ് സംഭവം. പൊലീസ് സേനയിലേക്ക് നിയമിതനായ രാഹുൽ ചൗഹാനെ മേലുദ്യോ​ഗസ്ഥനായ സൗരഭ് കുശ്വ തന്റെ വസതിയിലേക്ക് ജോലിക്കായി നിയോ​ഗിക്കുകയായിരുന്നു. സൗരഭ് കുശ്വയയുടെ കുഞ്ഞിനേയും നായയേും പരിപാലിക്കുകയായിരുന്നു ജോലി. എന്നാൽ ആഗസ്റ്റ് 23ന് ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയ രാഹുലിനെ മേലുദ്യോ​ഗസ്ഥൻ പുലർച്ചെ 1:30 ഓടെ മൂന്ന് പൊലീസുകാരോടൊപ്പം എത്തി ജോലി ചെയ്യുന്ന വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഫോണും മേലുദ്യോ​ഗസ്ഥൻ പിടിച്ചെടുത്തു.


തുടർന്ന് ബം​ഗ്ലാവിൽ എത്തിച്ച് നായയെ കാണാനില്ലെന്ന് പറഞ്ഞ് ക്രൂരമർദനത്തിന് ഇരയാക്കി. മർദനത്തിലേറ്റേ പരിക്കുകൾ കാണിക്കുന്ന രാഹുലിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ആർ.ഐ സൗരഭ് കുശ്വ നിഷേധിച്ചു. മുതിർന്ന ഉദ്യോ​ഗസ്ഥരുടെ അനുമതിയോടെയാണ് തന്റെ വീട്ടിലെ അറ്റകുറ്റപണികളുടെ മേൽനോട്ടം വഹിക്കാൻ രാഹുലിനെ നിയോ​ഗിച്ചതെന്നാണ് കുശ്വ പറയുന്നത്. എന്നാൽ ഒരുദിവസം താൻ തിരിച്ചെത്തിയപ്പോൾ മദ്യകുപ്പികളും സി​ഗരറ്റ് കുറ്റികളും നിറഞ്ഞ് വീട് അലങ്കോലമായി കിടക്കുകയായിരുന്നെന്നുമാണ് രാഹുലിന്റെ വിശദീകരണം. അമിതമായി മദ്യപിച്ച രാഹുൽ തന്റെ വളർത്തുനായെ മർദിച്ചെന്നും മരിച്ചെന്ന് കരുതി ഓടയിലേക്ക് വലിച്ചെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ രാഹുൽ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിതായും മേലുദ്യേ​ഗസ്ഥൻ ആരോപിച്ചു.

അതേസമയം മേലുദ്യോ​ഗസ്ഥന്റെ ഭാര്യ കോൺസ്റ്റബിളിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ആരോപണമുണ്ട്. അതിനാൽ ഭാര്യയ്ക്കും ഉദ്യോ​ഗസ്ഥനുമെതിരെ എസ്സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്. എസ്ടി വിഭാ​ഗത്തിൽ നിന്നുള്ള മൂന്ന് എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കാളികളായതോടെ സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു.


        

Previous Post Next Post