
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് ലക്ഷ്യം പാളിയെന്ന വിമർശനവുമായി മുരളീധര-സുരേന്ദ്ര പക്ഷം. വോട്ട് ചേർക്കലും വാർഡ് സമ്മേളനങ്ങളും സംഘടനാ പരിചയമില്ലായ്മകൊണ്ട് അമ്പേ പാളിയെന്ന വിമർശനമാണ് രാജീവ് ചന്ദ്രശേഖറിനെ എതിർക്കുന്ന നേതാക്കളുടെ വിലയിരുത്തൽ.
രാജീവ് ചന്ദ്രേശഖറിൻ്റെ സംഘടനാ പരിചയമില്ലായ്മ തുറന്നുകാട്ടുകയാണ് എതിർപക്ഷം. 15 ലക്ഷം പുതിയ വോട്ടർമാരെ ചേർക്കാനായിരുന്നു തീരുമാനം. എന്നാൽ മൂന്ന് ലക്ഷം പുതിയ വോട്ടർമാരെ മാത്രമാണ് ഇതുവരെ ചേർത്തത്. ഇത് തദ്ദേശ തെരഞ്ഞടുപ്പിൽ കനത്ത തിരിച്ചടിയാകുമെന്ന് നേതാക്കൾ വിലയിരുത്തുന്നു.
ആകെയുള്ള 23,000 വാർഡുകളിൽ പത്ത് ശതമാനം പോലും വാർഡ് സമ്മേളനങ്ങൾ നടന്നില്ല. നടന്നത് തന്നെ തീരുമാനിച്ചതിൽ മൂന്നിലൊന്ന് പോലും പങ്കാളിത്തമില്ലാതെയാണെന്നുമാണ് നേതാക്കളുടെ വിമർശനം. പാർലമെൻ്റ് തെരഞ്ഞടുപ്പിൽ ബിജെപി മുന്നിൽ വന്ന 5000 വാർഡുകളിൽ പോലും കൃത്യമായ പ്രവർത്തനം നടക്കുന്നില്ല.