
വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ ഒരു ഷട്ടര്‍ മാത്രമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഷട്ടര്‍ പത്ത് സെ.മീറ്റര്‍ ഉയര്‍ത്താനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ രാവിലെ തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍, വൃഷ്ടിപ്രദേശത്ത് മഴ കുറയുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതോടെ തുറക്കുന്നത് ഉച്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ജലനിരപ്പനുസരിച്ച് ബാണസുര സാഗര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ടാണ്. രാവിലെ 11 മണിയോടെയുള്ള കണക്ക് പ്രകാരം 774.40 മീറ്ററാണ് ബാണാസുരയിലെ ജലനിരപ്പ്. ഡാമിന്റെ സംഭരണ ശേഷിയുടെ 92.51 ശതമാനമായിരുന്നു ഇത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കൻഡിൽ 50 ക്യുബിക്ക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടുമെന്നാണ് KSEB അറിയിച്ചിരിക്കുന്നത്
വയനാട്ടില്‍ കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഉച്ചയോടെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോ ജില്ലയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. കണ്ണൂരിലും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.